കുവൈത്ത് കാബിനറ്റ് കാര്യ മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

കുവൈത്ത് സിറ്റി : വകുപ്പുകളിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ കാബിനറ്റ്കാര്യ മന്ത്രിയും വാർത്താവിതരണ ആക്ടിംങ് മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ സബാഹിനെതിരെ പത്ത് എം.പിമാർ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. റിയാദ് അൽ അദ്സാനി, അബ്ദുൽ കരീം അൽ കന്ദരി എന്നിവർ നൽകിയ കുറ്റവിചാരണാ നോട്ടീസ് ചർച്ചയ്ക്കൊടുവിലാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്.
ഷുഐബ് അൽ മുവൈസിരി, വലീദ് അൽ തബ്‌തബാഇ, മുഹമ്മദ് അൽ മുതൈർ, അബ്ദുല്ല അൽ റൂമി, ഹംദാൻ അൽ അസ്മി, മുബാറക് അൽ ഹജ്‌റഫ്, തമർ അൽ ദഫീരി, അൽ അദ്സാനി, ജമാൻ അൽ ഹർബാഷ്, ഉമർ അൽ തബ്തബാഇ എന്നിവരാണു നോട്ടീസ് നൽകിയതെന്നു സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു.
നിയമാനുസൃതം ഏഴുദിവസം കഴിഞ്ഞു നവംബർ ഒന്നിനാകും നോട്ടീസ് പരിഗണിക്കുകയെന്നും സ്പീക്കർ അറിയിച്ചു. കുറ്റവിചാരണാ നോട്ടീസ് ചർച്ചയ്ക്കൊടുവിൽ മന്ത്രിമാർക്കെതിരായ സാധ്യമായ തുടർനടപടികളിൽ ഒരു മാർഗമാണ് അവിശ്വാസപ്രമേയം. കുറ്റവിചാരണാ നോട്ടീസ് ചർച്ചയ്ക്കൊടുവിൽ വോട്ടെടുപ്പ് ഉണ്ടാകാറില്ല. ചർച്ചയോടെ കുറ്റവിചാരണ അവസാനിപ്പിക്കാം. അല്ലാത്തപക്ഷം ചുരുങ്ങിയതു 10 എം.പിമാർ ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്നതാണു ചട്ടം. അവിശ്വാസ പ്രമേയ ചർച്ചയ്ക്കൊടുവിൽ നടക്കുന്ന വോട്ടെടുപ്പു ഫലത്തിനനുസരിച്ചായിരിക്കും മന്ത്രിയുടെ ഭാവി.
കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ ക്രമക്കേട് ആരോപിച്ചാണു രണ്ട് അംഗങ്ങൾ മന്ത്രിക്കെതിരെ കുറ്റവിചാരണാനോട്ടീസ് കൊണ്ടുവന്നത്. ചേംബർ ഓഫ് കോമേഴ്സുമായി ബന്ധപ്പെട്ടാണു പ്രധാനമായ ആരോപണം. ചേംബർ സ്ഥാപിതമായി ഇതുവരെ നിയമപദവി നൽകിയിട്ടില്ലെന്നും അതിനാൽ അവിടെയുള്ള ഉദ്യോഗസ്ഥർ കൃത്യവിലോപത്തിന് ഉത്തരവാദികൾ അല്ലാതാകുന്ന അവസ്ഥയുണ്ടെന്നും നോട്ടീസ് നൽകിയ അംഗങ്ങൾ കുറ്റപ്പെടുത്തി.
വാർത്താ വിതരണമന്ത്രാലയത്തിൽ ഭരണനിർവ്വഹണ/സാന്പത്തിക ക്രമക്കേടായിരുന്നു മറ്റൊരു ആരോപണം. ആരോപണങ്ങളെല്ലാം നിഷേധിച്ച മന്ത്രി ഷെയ്ഖ് മുഹമ്മദ് തന്റെ നടപടികൾ മന്ത്രാലയങ്ങളിലെ ചെലവ് ചുരുക്കാനാണ് സഹായിച്ചതെന്ന് പ്രതികരിച്ചു.