വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധിപ്പിച്ച നടപടി കോടതിയും ശരിവെച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശ തൊഴിലാളികളുടെ ചികിത്സാ ഫീസ് വർദ്ധിപ്പിച്ചത് കോടതിയും ശരിവെച്ചു. വിദേശികൾക്ക് മാത്രമായി ഏർപ്പെടുത്തിയ ചികിത്സാ ഫീസ് വർദ്ധനവിനെതിരെ സ്വദേശിയായ അഭിഭാഷകനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. തുടർന്ന് ഹർജിയിന്മേൽ വാദം കേട്ട സുപ്രീംകോടതിയിലെ ഭരണവകുപ്പാണ് കേസ് തള്ളിയത്.
ഒക്ടോബർ ഒന്ന് മുതലാണ് സർക്കാർ ആശുപത്രികളിലും, ക്ലിനിക്കുകളിലും വിദേശികൾക്ക് മാത്രമായി ഫീസ് വർദ്ധനവ് നിലവിൽ വന്നത്.ആരോഗ്യ വകുപ്പിനുവേണ്ടി ഹർജിതള്ളണമെന്നാവശ്യപ്പെട്ട് ഫത്‍വ ആന്റ് ലെജിസ്ലേഷൻ വകുപ്പാണ് കോടതിയിലെത്തിയത്. ഫീസ് വർദ്ധനവ് നടപ്പാക്കിയതിന്റെ കാര്യങ്ങളും കാരണങ്ങളും വകുപ്പ് കൃത്യമായി ബോധിപ്പിക്കുകയുംചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് തീരുമാനം നടപ്പാക്കുന്നതിന് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻകേസ് നൽകിയത്. തുടർന്ന്, കഴിഞ്ഞ നാലിന് വാദം കേട്ടിരുന്നു.
സർജറികൾ, മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയവയ്ക്കുള്ള നിരക്കുകൾ വർദ്ധിച്ചതാണ് ഫീസ് വർദ്ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതിനു കാരണം. എന്നാൽ അടിയന്തര, ഗുരുതര കേസുകളിലും, ഗാർഹിക തൊഴിലാളികൾ എന്നിങ്ങനെയുള്ളവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. നിരക്ക് വർദ്ധനവിനെക്കുറിച്ച് മൂന്നുമാസത്തിനുശേഷം അവലോകനം ചെയ്ത്, വർദ്ധനവ് തുടരണമോ, നിർത്തലാക്കണമോയെന്നു മന്ത്രാലയത്തിലെ ഉന്നതാധികാര അതോരിറ്റി തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയ ആക്ടിംങ് അണ്ടർ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.