ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ സംവാദം ശക്തിപ്പെടുത്തണം : കുവൈത്ത് വിദേശകാര്യ മന്ത്രി

കുവൈത്ത് സിറ്റി : ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ സംവാദം ശക്തിപ്പെടുത്തണമെന്നു കുവൈത്ത് നിർദ്ദേശം. ഏഷ്യൻ ഡയലോഗ് കോഓപ്പറേഷൻ (എ.സി.ഡി) ചട്ടക്കൂടിനുള്ളിൽനിന്നാകണം ഇതെന്നും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് നിർദ്ദേശിച്ചു.
ന്യൂയോർക്കിൽ എ.സി.ഡി രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിൽ 2012ൽ ചേർന്ന ആദ്യ എ.സി.ഡി യോഗത്തിലും കഴിഞ്ഞ വർഷം തായ്‌ലൻഡിൽ ചേർന്ന രണ്ടാം യോഗത്തിലും സഹകരണവും സംവാദവും സംബന്ധിച്ച മാനദണ്ധങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അവ ശക്തിപ്പെടുത്തുന്ന നിലപാടുകളാകണം അംഗരാജ്യങ്ങൾ സ്വീകരിക്കേണ്ടതെന്നും സംവാദം ശക്തിപ്പെട്ടാൽ വ്യാപാര, നിക്ഷേപ വളർച്ച എളുപ്പമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യാന്തര വിഷയങ്ങളിൽ യു.എൻ നിലപാടിനൊപ്പമാണു കുവൈത്ത് നിലകൊള്ളുകയെന്നു സബാഹ് ഖാലിദ് വ്യക്തമാക്കി. കസാഖിസ്ഥാൻ വിദേശകാര്യമന്ത്രി ഖൈറാത്ത് അബ്ദറഖമനോവ് യു.എൻ രക്ഷാസമിതിയിലെ ആറ് താൽക്കാലിക അംഗങ്ങൾക്കു നൽകിയ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ടുവർഷത്തേക്കു താൽക്കാലിക അംഗത്വം ലഭിച്ചവർ രക്ഷാസമിതിയിൽ കൈക്കൊള്ളേണ്ട നിലപാടുകളും ചർച്ച ചെയ്തു.
അതേസമയം സിറിയൻ പ്രശ്നം പരിഹരിക്കുന്നതിനു ഗൗരവതരമായ ഇടപെടലുകൾ വേണമെന്നു കുവൈത്ത് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തിന് അനുസൃതമായി സിറിയൻ വിഷയം സമാധാനപരമായി പരിഹരിക്കണം. ആധുനിക യുഗത്തിലെ മാനുഷികമായ ഏറ്റവും വലിയ ദുരന്തമാണ് ഏഴുവർഷമായി സിറിയയിൽ നടക്കുന്നത്. നാലുലക്ഷത്തിലേറെ ആളുകൾ കൊല്ലപ്പെട്ടു.
12 ദശലക്ഷം പേർ പലായനം ചെയ്യപ്പെട്ടു. സിറിയൻ ജനതയെ സഹായിക്കാൻ അഞ്ചു രാജ്യാന്തര സമ്മേളനങ്ങളാണു ചേർന്നത്. അന്നു നൽകിയ വാഗ്ദാനം നിറവേറ്റാൻഎല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും ഷെയ്ഖ് സബാഹ് ഖാലിദ് അഭ്യർത്ഥിച്ചു.