ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ചർച്ചയിലൂടെ മാത്രമേ സാധിക്കൂ : ഖത്തർ വിദേശകാര്യ മന്ത്രി

ദോഹ : ചർച്ചയിലൂടെമാത്രമേ ഗൾഫ് പ്രതിസന്ധി പരിഹരിക്കാനാകുകയുള്ളൂവെന്ന് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി. ന്യൂയോർക്കിൽ വിവിധ രാജ്യങ്ങളുടെ മന്ത്രിമാരുമായും ഉന്നത നയതന്ത്രപ്രതിനിധികളുമായും നടത്തിയ ചർച്ചകളിലാണ് വിദേശകാര്യമന്ത്രി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
യു.എൻ പൊതുസഭയുടെ 72−ാംമത് സെഷനോടനുബന്ധിച്ചാണ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെക്കുറിച്ചും ഉപരോധംമൂലമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ചു മെല്ലാം വിദേശകാര്യമന്ത്രി ലോകനേതാക്കളോട് വിശദീകരിച്ചു.
ഇറ്റലി, യുക്രൈൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായും സൊമാലിയ പ്രധാനമന്ത്രി ഹസൻ അലി ഖായിർ, വിദേശകാര്യങ്ങൾക്കും സുരക്ഷാനയങ്ങൾക്കുമായുള്ള യൂറോപ്യൻ യൂണിയൻ പ്രതിനിധി ഫെഡറിക് മോഘെറിനി, ഇറ്റലി വിദേശകാര്യ മന്ത്രി ആഞ്ചലിനോ അൽഫാനോ, യുക്രൈൻ വിദേശകാര്യമന്ത്രി പാവ്‌ലോ ക്ലിംകിൻ, ഓസ്‌ട്രേലിയ വിദേശകാര്യമന്ത്രി ജൂലി ബിഷപ് എന്നിവരുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര ക്രൈസിസ് ഗ്രൂപ്പ് പ്രസിഡണ്ട് ജീൻ മാരി ഗെഹ്നോയുമായും കൂടിക്കാഴ്ച നടത്തി.