വ്യോമയാന മേഖലയിൽ ഇന്ത്യൻ സെക്ടറിലേക്ക് സീറ്റുകൾ വർദ്ധിപ്പിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി : വ്യോമയാന മേഖലയിൽ ഇന്ത്യൻ സെക്ടറിലേക്ക് സീറ്റുകൾ വർദ്ധിപ്പിക്കാൻ കുവൈത്ത് തയ്യാറെന്ന് വകുപ്പ് മന്ത്രി അറിയിച്ചു. ഇന്ത്യ−-കുവൈത്ത് മൂന്നാമത് മന്ത്രിതല− യോഗ തീരുമാനങ്ങൾക്ക് അനുകൂല നിലപാടാണ് കുവൈത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കുവൈത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിന് ആനുപാതികമായി കുവൈത്ത്-ഇന്ത്യ സെക്ടറിൽ സീറ്റുകൾ വർദ്ധിപ്പിക്കാൻ കുവൈത്തിന് താൽപ്പര്യമുണ്ടെന്ന് തൊഴിൽ സാമൂഹിക കാര്യവകുപ്പ് മന്ത്രി ഹിന്ദ് അൽ സബീഹ് പറഞ്ഞു. ആഴ്ചയിൽ 12,000 സീറ്റുകളാണ് ഇപ്പോഴുള്ളത്. ഇത് 19,000 ആയി വർദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കുവൈത്തിൽ സന്ദർശനം നടത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രിയുടെ പ്രതികരണം. എതാനും വർഷങ്ങൾക്ക് മുന്പാണ് ഇന്ത്യയിലേക്കുള്ള സീറ്റുകൾ പ്രതിവാരം 8000 എന്നത് 12,000 മാക്കി മാറ്റിയത്. എന്നാൽ ഇതും, കുവൈത്തിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ എണ്ണവുമായി താരതമ്യം ചെയ്യുന്പോൾ തുലോം കുറവാണെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ 10 ലക്ഷത്തിനടുത്ത് ഇന്ത്യക്കാർ കുവൈത്തിലുണ്ട്. ഇതിന് ആനുപാതികമായി വർദ്ധനവ് ഉണ്ടായിട്ടില്ലാത്തത് മേഖലയിൽ വളരെയധികം ബുന്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ നേരിടുന്ന ഖറാഫി നാഷണൽ അടക്കമുള്ള കന്പനികളുടെ കാര്യങ്ങളും ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു ഇലക്ട്രോണിക് ലിങ്ക് ഉണ്ടാക്കുന്നതു സംബന്ധിച്ച് പഠനം നടത്താനും തീരുമാനമായിട്ടുണ്ട്.