സ്കൂൾ ബസ്സുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു

കുവൈത്ത് സിറ്റി : സ്കൂൾ ബസ്സുകളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ഇതിനാവശ്യമായ ടെൻഡർ നടപടികൾആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രാലയത്തിലെ ധനകാര്യവിഭാഗം അസി. അണ്ടർ സെക്രട്ടറി യൂസഫ് അൽ നജ്ജാർ അറിയിച്ചു. ബസ്സുകളിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതു തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമാണു നടപടി.
കഴിഞ്ഞവർഷം ഗേൾസ് സ്കൂളുകളിലെ കുട്ടികൾക്കു ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നതായി മൂന്നു പരാതികൾ ലഭിച്ചിരുന്നു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് ഉത്തരവാദിത്തമായിക്കണ്ട് നടപടികൾ സ്വീകരിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നജ്ജാർ പറഞ്ഞു.
വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ബസ്സുകളിലെ വിദ്യാർത്ഥിനികൾക്ക് സഹായികളായി പ്രവർത്തിക്കാൻ 2000 സ്വദേശി വനിതകളെ നിയമിക്കുമെന്നു സിവിൽ സർവ്വീസ് കമ്മീഷൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കമ്മീഷനിൽ പേര് റജിസ്റ്റർ ചെയത മിഡിൽ ക്ലാസ് സർട്ടിഫിക്കറ്റുള്ള വനിതകളെയാണു നിയമനത്തിനു പരിഗണിക്കുക. രാവിലെ കുട്ടികളുമായി പോകുന്പോഴും തിരിച്ച് വീടുകളിലേക്കു വരുന്പോഴും ബസ്സുകളിൽ വിദ്യാർത്ഥിനികളെ നിരീക്ഷിക്കുകയും പരിചരിക്കുകയുമാകും ജോലി. നഴ്സറികൾ, ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന അപ്പർപ്രൈമറി സ്കൂളുകൾ എന്നിവയുടെ ബസ്സുകളിൽ മാത്രമായിരിക്കും അവരെ നിയോഗിക്കുക.