മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കുവൈത്ത് സിറ്റി: ജോലി സ്ഥലത്ത് വൈദ്യുതാഘാതമേറ്റതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കുവൈത്ത് അൽറായിയിലെ പ്രിസ്മ അലൂമിനിയം ഫെബ്രിക്കേഷൻ കന്പനിയിലെ ജോലിക്കാരനും പത്തനംതിട്ട റാന്നി ചിറ്റാർ വയ്യാറ്റുപുഴ കൈച്ചിറയിൽ ജോർജിന്റെയും ചിന്നമ്മയുടെയും മകനുമായ ബിജു ജോർജ് (38) ആണ് മരിച്ചത്. മൃതദേഹം ദജീജു മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ ജോലിക്കിടെ ഡ്രിൽ മെഷീനിൽ നിന്നും ഷോക്കേറ്റ ബിജുവിനെ ഉടൻ മുബാറഖിയ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെതുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
ഭാര്യ ടെസിമോൾ ബിജു ഹവലിയിലെ പ്രൈവറ്റ് ക്ലിനിക്കിൽ നഴ്സാണ്. ആൽബിൻ, എമിലിൻ എന്നിവരാണ് മക്കൾ. മധ്യവേനൽ അവധിയ്ക്ക് നാട്ടിൽ പോയ ഭാര്യയും മക്കളും മറ്റെന്നാൾ അവധി കഴിഞ്ഞ് കുവൈത്തിൽ തിരികെയെത്താനിരിക്കെയാണ് അപകടം.