എണ്ണ സംസ്കരണം : നിരവധി രാജ്യങ്ങളിൽ നിന്ന് മത്സരം നേരിടേണ്ട സാഹചര്യമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി : എണ്ണമേഖലയിൽ രാജ്യത്തിന്റെ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കണമെങ്കിൽ ഒട്ടേറെ വെല്ലുവിളികൾ അതിജീവിക്കേണ്ടതുണ്ടെന്ന് കുവൈത്ത് ഡിപ്ലോമാറ്റിക് സെന്റർ ഫോർ ഡ്ട്രാറ്റജിക് സ്റ്റഡീസിന്റെ പഠന റിപ്പോർട്ട്. എണ്ണമേഖലയുടെ സ്വഭാവവും നിക്ഷേപവുമായി ബന്ധപ്പെട്ടതാണ് വെല്ലുവിളികളെന്നും റിപ്പോർട്ട് പറയുന്നു. എണ്ണ സംസ്കരണ മേഖലയിൽ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിൽ നിന്നും കടുത്ത മത്സരം നേരിടേണ്ട സാഹചര്യമാണുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യ, ചൈന, ഇന്തൊനേഷ്യ, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഗൾഫിലെ ചില രാജ്യങ്ങളുമാണ് മത്സരം ഉയർത്തുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം കുവൈത്തിലെ എണ്ണ സംസ്കരണശാലകൾ പ്രവർത്തിപ്പിക്കുന്നതിന് സ്വദേശി ജീവനക്കാരുടെ പങ്കാളിത്തം ശ്ലാഘനീയമാണെന്ന് എണ്ണ, ജലം,− വൈദ്യുതി മന്ത്രി ഇസാം അബ്ദുൽ മുഹ്സിൽ അൽ മർസൂഖ് പ്രസ്താവിച്ചു.
ഹെവി ക്രൂഡ് സംസ്കരണത്തിന് കൂടുതൽ പ്രക്രിയകൾ ആവശ്യമാണ്. പരിസ്ഥിതി മലിനീകരണത്തിന് എളുപ്പത്തിൽ കാരണമാകുന്നതുമാണ് ആ പ്രക്രിയകൾ. ഹാനികരമായ അത്തരം സാഹചര്യം പരമാവധി ഇല്ലാതാക്കുന്നതിനുള്ള ശ്രദ്ധയോടെയാണ് കുവൈത്ത് എണ്ണ സംസ്കരണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിപണിയിലെ ആവശ്യവും വിതരണവും തമ്മിലുള്ള അസ്ഥിരത നിക്ഷേപരംഗത്തും വിഷമം സൃഷ്ടിക്കുന്നുണ്ട്. അത് ഉൽപാദനത്തെയും ബാധിക്കുന്നു. അതുവഴി നിക്ഷേപം പ്രഖ്യാപിത പദ്ധതികൾ പോലും മരവിപ്പിച്ചുനിർത്തുന്ന അവസ്ഥയുണ്ട്.
പെരുന്നാൾ പ്രമാണിച്ച് മിന അബ്ദുല്ല, മിന അഹമ്മദ് റിഫൈനറികൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുവൈത്ത് പെട്രോളിയം കോർപറേഷൻ സി.ഇ.ഒ നിസാർ അൽ അദ്സാനിയും മന്ത്രിയെ അനുഗമിച്ചതായി കുവൈത്ത് നാഷണൽ പെട്രോളിയം കന്പനി പത്രക്കുറിപ്പിൽ അറിയിച്ചു.