പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5ന് നടക്കും. വോട്ടെണ്ണല്‍ സെപ്തംബര്‍ 8ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 17 ആണ്. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രാജ്യത്ത് ഏഴിടങ്ങളിലാണ് സെപ്തംബര്‍ 5ന് ഉപതെരഞ്ഞെടുപ്പ് നടക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നീണ്ട 53 വര്‍ഷം ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.1970 മുതൽ 12 തവണ ഉമ്മന്‍ചാണ്ടി തുടർച്ചയായി വിജയിച്ചു വന്ന മണ്ഡലമാണ് പുതുപ്പള്ളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി ജെയ്ക് സി തോമസിനെ 9,044 വോട്ടിനാണ് ഉമ്മൻചാണ്ടി തോൽപ്പിച്ചത്. 2016ലും ജെയ്ക് തന്നെയായിരുന്നു എതിർ സ്ഥാനാർഥി. അന്ന് 27,092 വോട്ടിനായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിജയം.
പുതുപ്പള്ളിയുടെ പുതിയ അവകാശി ആര് എന്ന പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണെന്നും ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഉമ്മന്‍ചാണ്ടിയോട് കഴിഞ്ഞ തവണ വീറുറ്റ പോരാട്ടം കാഴ്ചവെച്ച ജെയ്ക് സി തോമസ് തന്നെ സി.പി.എം സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. പഞ്ചായത്തുകള്‍ തിരിച്ചുള്ള കണക്കില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫിന് ഭരണമുള്ളത്. എന്നാല്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.
ADSADSADSADFS