വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായൻ. ഉമ്മൻ ചാണ്ടിക്ക് ആദരവർപ്പിച്ച് നേതാക്കളും അണികളും
വിടവാങ്ങിയ ജനനായകൻ ഉമ്മൻ ചാണ്ടിക്ക് ആദരവർപ്പിച്ച് നേതാക്കളും അണികളും. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ഹൃദയം വിങ്ങി നിറകണ്ണുകളോടെ ഇരിക്കുന്ന ഭാര്യയെയും ബന്ധുക്കളെയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആശ്വസിപ്പിച്ചു. രാജ്യത്തിന് വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയെന്ന് മല്ലികാര്‍ജുര്‍ഖാര്‍ഗെ അനുസ്മരിച്ചു. മികച്ച ഭരണാധികാരിയായ ഉമ്മന്‍ചാണ്ടി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദീര്‍ഘകാലം നയിച്ചു. വളരെ ദുഃഖമുണ്ട് അദ്ദേഹത്തിന്റെ വിയോഗത്തിലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. കേരളത്തിന്റെ ആത്മാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പൊതുസേവനത്തിനായി ജീവിതം സമർപ്പിക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്ത എളിമയും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. കുടുംബത്തിന്റെയും അനുയായികളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും അദ്ദേഹം കുറിച്ചു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഒരേ കാലഘട്ടത്തിൽ പൊതുരംഗത്ത് എത്തിയവരാണ് താനും ഉമ്മൻ ചാണ്ടിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലേക്ക് ഞങ്ങൾ ഒരേകാലത്ത് ആണ് തെരഞ്ഞെടുക്കപ്പെടുന്നത്. പൊതുരംഗത്ത് ഒരേ കാലഘട്ടത്തിൽ പ്രവർത്തിച്ച ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലുന്നത് അതീവ വിഷമകരമായ കാര്യമാണ്. ജനജീവിതവുമായി അടുത്തിടപഴകിയ ഉമ്മൻ ചാണ്ടി കഴിവുറ്റ ഭരണാധികാരി ആയിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി. പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മൻചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിമാറ്റി. ഏത് പാതിരാത്രിയിലും എന്താവശ്യത്തിനും ഒരുവിളിപ്പാട് അകലെയുള്ള സ്വാന്ത്വനത്തിന്റെ പേര് കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി എന്നും കെ സുധാകരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗം യുഡിഎഫിലും കേരളത്തിലും വലിയ ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ഉമ്മന്‍ചാണ്ടിയെയാണ് നഷ്ടമായിരിക്കുന്നത്. എല്ലാക്കാലത്തും എല്ലാവരെയും കൂട്ടിയിണക്കിയത് അദ്ദേഹത്തിന്‍റെ കരങ്ങളാണ്. മതസൗഹാർദ്ദത്തിന്റെ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം ജനങ്ങളുടേതായിരുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
രാഷ്‌ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛൻ ഉമ്മൻ ചാണ്ടിയെ അംഗീകരിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്തിരുന്നുവെന്ന് വി.എസ് അച്ചുദാനന്ദന്റെ മകൻ അരുൺകുമാർ ഫേസ്ബുക്കിലൂടെ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ നേരിട്ട് അനുശോചിക്കാനാവാത്തതിന്‍റെ വിഷമം അച്ഛനുള്ളതായി ഞാൻ മനസിലാക്കുന്നുവെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.
സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു ഉമ്മൻചാണ്ടിയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരു മുദ്രാവാക്യം എന്നതിലുപരി ‘അതിവേഗം ബഹുദൂരം’ എന്നത് അദ്ദേഹത്തിന്റെ ജീവിത സന്ദേശമായിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഇത്രയും സുരക്ഷ ഉറപ്പ് നൽകിയ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഉമ്മൻചാണ്ടിയുടെ മരണത്തിലെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
asddsds

