പിശീലനത്തിനായി ഇസ്രയേലിലേക്ക് അയച്ച കര്‍ഷക സംഘം കൊച്ചിയില്‍ തിരിച്ചെത്തി
ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇസ്രയേലിലേക്ക് അയച്ച കര്‍ഷക സംഘം കൊച്ചിയില്‍ തിരിച്ചെത്തി. 26 പേര്‍ അടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്നരയോടെയാണ് തിരിച്ചെത്തിയത്. ഈ മാസം 12നാണ് 27 പേര്‍ അടങ്ങുന്ന സംഘത്തെ സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിനായി അയച്ചത്. അതിനിടെ സംഘത്തിലെ കര്‍ഷകരില്‍ ഒരാളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ കാണാതായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തില്‍ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണാതായത്.
എന്നാല്‍ ഇയാള്‍ മനഃപൂര്‍വം മുങ്ങിയതായി സംശയം ഉയര്‍ന്നു. കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ട ബിജു താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ഭാര്യയോട് പറഞ്ഞിരുന്നു. ബിജു കുര്യന്‍ മുങ്ങിയത് ആസൂത്രിതമായാണെന്നും ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. സംഭവത്തില്‍ എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.