ചിന്താ ജെറോമിന്റെ ശമ്പളവർദ്ധന; രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000ത്തിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തിയ സാഹചര്യത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവം പരാമർശിച്ച്, ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും സമയം കളയാതെ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ് എന്നാണ് ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചത്.
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാൻ സർക്കാർ തീരുമാനമായിരുന്നു. പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി ആറ് ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. 2016ൽ ചിന്ത ജെറോം ചുമതലയേൽക്കുമ്പോൾ ശമ്പളം അൻപതിനായിരം രൂപയായിരുന്നു. 2018 മെയ് മാസം കമ്മീഷൻ ചട്ടം രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകണമെന്ന് ചിന്ത ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിക്കുകയായിരുന്നു. വീണ്ടും ധനവകുപ്പിനെ അപേക്ഷയുമായി സമീപിച്ചപ്പോഴാണ് 11 മാസത്തെ കുടിശ്ശിക നൽകാനുള്ള പ്രത്യേക തീരുമാനം എടുത്തത്.
tuffu