മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കെതിരെ ഗവർണർ രാഷ്ട്രപതിക്ക് കത്ത് നൽകി. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോയത് രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നാണ് ഗവർണറുടെ പരാതി. ഭരണചുമതലകൾ അറിയിച്ചില്ലെന്നും കത്തിൽ ആരോപണമുണ്ട്. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രിക്ക് നൽകി. ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടാനാണ് സാധ്യത.
രാജ്ഭവനെ ഒരു കാര്യവും അറിയിക്കാതെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത് എന്ന ആരോപണമാണ് ഗവർണർ മുന്നോട്ടുവയ്ക്കുന്നത്. വിദേശയാത്രകൾ സംബന്ധിച്ചും ഭരണചുമതലകളുടെ പുനഃക്രമീകരണവും രാജ്ഭവനെ അറിയിക്കേണ്ടത് നിർബന്ധമാണ്. ഭരണം എങ്ങനെ പോകുന്നുവെന്നതും പകരം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളെ കുറിച്ചും രാജ്ഭവനിൽ നിന്ന് സർക്കാർ മറച്ചുവയ്ക്കുന്നു.
വിദേശയാത്രകൾക്ക് കേന്ദ്രസർക്കാരിൽ നിന്ന് അനുവാദം വാങ്ങിയിട്ടുണ്ടോ എന്നും രാജ്ഭവന് അറിവില്ല. മന്ത്രിമാരും വിദേശയാത്ര നടത്തുന്നത് മറച്ചുവയ്ക്കുന്നുവെന്നും ഇതിനെല്ലാം ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ഗവർണർ ചൂണ്ടിക്കാണിക്കുന്നു. കത്ത് രാഷ്ട്രപതി പരിഗണിക്കുന്നതോടെ എന്തായിരിക്കും തുടർചലനങ്ങൾ എന്നത് നിർണായകമാകും. രാജ്ഭവനെ നോക്കുകുത്തിയാക്കുന്നുവെന്നും ഭരണനിർവഹണം അപ്പപ്പോൾ അറിയിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി കീഴ് വഴക്കങ്ങൾ ലംഘിച്ചുവെന്ന ഗുരുതര ആരോപണവും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിക്കുന്നു.
cncvmn