വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് സമരക്കാരോട് ഹൈക്കോടതി നിർദേശം. അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശം. നിർമാണ മേഖലയിലേക്ക് പ്രവേശിക്കാൻ സമരപ്പന്തൽ തടസമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം.
ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. തുറമുഖ നിർമാണത്തിന് തടസങ്ങൾ സൃഷ്ടിക്കണമെന്നും സമരപ്പന്തൽ പൊളിച്ചുനീക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ഉൾപ്പെടെ ഹൈക്കോടതി മുന്‍പ് ആവശ്യപ്പെട്ടിരുന്നു. നിർമാണസ്ഥലത്തേക്ക് വാഹനമെത്തിക്കുന്നതിന് ഉൾപ്പെടെ തടസമുണ്ടെന്നാണ് അദാനി ഗ്രൂപ്പ് കോടതിയിൽ വാദിച്ചിരുന്നത്. പൊലീസ് നിഷ്‌ക്രിയമാണെന്നും അദാനി ഗ്രൂപ്പ് ഹർജിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തിൽ തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു. എംഡി കുടാലെ അധ്യക്ഷനായ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഇതിൽ സമരസമിതി പ്രതിനിധികൾ ഉൾപ്പെട്ടിട്ടില്ല. ഡോ. റിജി ജോൺ, തേജൽ കാണ്ടികാർ, ഡോ. പികെ ചന്ദ്രമോഹൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
വിഴിഞ്ഞത്ത് തുറമുഖ നിർമാണം നിർത്തിവച്ച് സമരസമിതി അംഗങ്ങളെ ഉൾപ്പെടുത്തി വിദഗ്ധസംഘം പഠനം നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ തുറമുഖ നിർമാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്.
xh