ഡാൻസ് കളിച്ച് അപകടകരമാം വിധം ടൂറിസ്റ്റ് ബസ് ഓടിച്ചത് താൻ തന്നെയെന്ന് അറസ്റ്റിലായ ഡ്രൈവർ ജോമോൻ

ടൂറിസ്റ്റ് ബസിൽ ഡാൻസ് കളിച്ച് അപകടകരമാം വിധം ബസ് ഓടിച്ചത് താൻ തന്നെയെന്ന് അറസ്റ്റിലായ ഡ്രൈവർ ജോമോൻ. നേരത്തെ മറ്റൊരു ബസ് ഓടിച്ചപ്പോഴെടുത്ത ദൃശ്യങ്ങളാണെന്നും ജോമോൻ പൊലീസിനോട് സമ്മതിച്ചു. ഡ്രൈവിംഗ് സീറ്റിൽ എഴുന്നേറ്റ് നിന്ന്, ഡാൻസ് ചെയ്ത് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആലത്തൂർ ഡിവൈഎസ്പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജോമോനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രൈവിംഗ് സീറ്റിൽ ഡാൻസ് കളിച്ചത് താൻ തന്നെയെന്ന് ഇയാൾ സമ്മതിച്ചത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് ഡാൻസ് കളിക്കുന്ന ജോമോനാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്ത് ഒരു കോളേജ് വിദ്യാർത്ഥിയെന്ന് തോന്നുന്നയാൾ ഇരിക്കുന്നതായും കാണാം.
ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് ഓടുന്നത് എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. യാത്രക്കാരെ ഹരം കൊള്ളിക്കുന്നതിനാകാം ജോമോൻ സാഹസികത കാണിച്ചതെന്നാണ് നിഗമനം. വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസാണോ ഇതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ, നേരത്തെ വേറൊരു ബസ് ഓടിച്ചപ്പോഴുള്ള ദൃശ്യങ്ങളാണിതെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞു. വളരെ ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.
അതേസമയം, വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധ തന്നെയെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്‍റണി രാജുവിന് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വടക്കഞ്ചേരി അപകടത്തിൽ മനഃപൂർവമുള്ള നരഹത്യക്കാണ്(304 വകുപ്പ്) ജോമോനെതിരെ കേസെടുത്തിരിക്കുന്നത്. ജോമോന്‍റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കും. മറ്റു സംസ്ഥാനങ്ങളിൽ ജോമോന്‍ വാഹനം ഗതാഗത നിയമലംഘനം നടത്തിയോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
sgs