നഗരസഭയുടെ നടപടിയിൽ മനംമടുത്ത് നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി


തലശ്ശേരിയിൽ‍ നിന്നും നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽ‍ വെച്ചാണ് രാജ് കബീറിനേയും ശ്രീദിവ്യയേയും കണ്ടെത്തിയത്. ടവർ‍ ലൊക്കേഷൻ കേന്ദ്രീകരികരിച്ചുള്ള അന്വേഷണത്തിനൊടുവിലാണിത്. രാവിലെ പത്തരയോടെയാണ് ഇരുവരെയും ട്രെയിൻ‍ മാർ‍ഗം നാട്ടിലെത്തിക്കും. ഫർ‍ണിച്ചർ‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ ദമ്പതികൾ‍ മനം മടുത്ത് നാടുവിട്ടെന്ന വാർ‍ത്ത വിവാദമായിട്ടുണ്ട്. ∍ഫാന്‍സി ഫണ്‍∍ എന്ന ഫർ‍ണിച്ചർ‍ സ്ഥാപനം നടത്തിയിരുന്ന രാജ് കബീറും ഭാര്യ ശ്രീദിവ്യയും നഗരസഭയ്‌ക്കെതിരെ കത്തെഴുതിവെച്ച ശേഷം നാടുവിടുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും പൊലീസ് ടവർ‍ ലൊക്കേഷൻ കണ്ടെത്തി. ഡിഐജി രാഹുൽ‍ ആർ‍ നായരുടെ നിർ‍ദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘമാണ് ഇവരെ തിരികെ കൊണ്ടുവരുന്നത്. 

നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് 18 വർ‍ഷമായി പ്രവർ‍ത്തിക്കുന്ന ഫർ‍ണിച്ചർ‍ മൊത്ത വ്യാപാര കട നഗരസഭ അടപ്പിച്ചത്. സ്ഥാപനത്തിന് മുന്നിലെ സ്ഥലത്ത് ഷീറ്റ് ഇട്ടതിനെ തുടർ‍ന്ന് 4.17 ലക്ഷം രൂപ നഗരസഭ പിഴയിട്ടു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൂടി ഫർ‍ണിച്ചർ‍ കടയുടെ ഭാഗമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നൽ‍കി. കൊവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പിഴ കുറയ്ക്കണമെന്നും രാജ് കബീർ‍ അഭ്യർ‍ത്ഥിച്ചു. പക്ഷെ, നഗരസഭ വഴങ്ങിയില്ല. ജൂലൈ 27ന് സ്ഥാപനത്തിന്റെ ലൈസൻസ് നഗരസഭ റദ്ദ് ചെയ്ത് താഴിട്ട് പൂട്ടി. ഇതിനേത്തുടർ‍ന്ന് രാജ് കബീർ‍ ഹൈക്കോടതിയെ സമീപിച്ചു. പിഴത്തുകയുടെ പത്ത് ശതമാനമായ 41,600 രൂപ അടച്ചാൽ‍ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച്ച കോടതി നിർ‍ദ്ദേശ പ്രകാരം തലശ്ശേരി നഗരസഭയിലെത്തിയപ്പോൾ‍ ഉദ്യോഗസ്ഥർ‍ പിഴ അടയ്ക്കാൻ സമ്മതിച്ചില്ലെന്നാണ് രാജ് കബീറിന്റെ ആരോപണം. കോടതി ഉത്തരവാണെങ്കിൽ‍ ഔദ്യോഗിക ചാനൽ‍ വഴി വരണമെന്ന് പറഞ്ഞ് തിരിച്ച് അയച്ചെന്നും ദമ്പതികൾ‍ പറയുന്നു.

തങ്ങളുടെ സ്ഥാപനമായ ∍ഫാൻസി ഫൺ∍ എന്നെന്നേക്കുമായി പൂട്ടിക്കാനാണ് നഗരസഭയുടെ ശ്രമമെന്ന് രാജ് കബീർ‍ കുറിപ്പിൽ‍ എഴുതി. ഞങ്ങളെ ഭീഷണിപ്പെടുത്തി ഇവിടെ നിന്നും ഒഴിപ്പിച്ച് സ്ഥാപനം മറ്റാർ‍ക്കെങ്കിലും കൊടുക്കാൻ ശ്രമം നടക്കുന്നുണ്ട്. തന്റേയും ശ്രീദിവ്യയുടേയും തിരോധാനത്തിന് ഉത്തരവാദികൾ‍ നഗരസഭയാണെന്നും രാജ് കബീർ ആരോപിക്കുകയുണ്ടായി. വ്യവസായികളെ ബോധപൂർ‍വ്വം ദ്രോഹിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. നഗരസഭയെ മോശമായി ചിത്രീകരിക്കാനാണ് രാജ് കബീറും ഭാര്യയും നാട് വിട്ടതെന്ന് ചെയർ‍ പേഴ്‌സൺ ജമുനാ റാണി പ്രതികരിച്ചു. സ്ഥാപനത്തിന് മുന്നിൽ‍ അനധികൃതമായി ഷീറ്റ് ഇട്ടതിനാണ് പിഴ ഈടാക്കിത്. സ്ഥാപനം തുറക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ‍ രാജ് കബീറും ഭാര്യയും വരാതെ സ്ഥാപനം തുറക്കില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാരെന്നും നഗരസഭ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed