‘ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം’; നുണപ്രചാരണം കൊണ്ട് ഇക്കിളിയാക്കാമെന്ന് ആരും കരുതണ്ടെന്നും മുഖ്യമന്ത്രി


ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണ പ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടും തുടർഭരണം നേടി. ഏത് തരത്തിലുള്ള പിപ്പിടി ആര് കാട്ടിയാലും അതൊന്നും ഏശാൻ പോകുന്നില്ല. നുണപ്രചാരണം കൊണ്ട് ഇക്കിളിയാക്കാമെന്ന് ആരും കരുതണ്ട. പ്രതിപക്ഷ ആരോപണങ്ങൾ 24 മണിക്കൂറും കൊടുത്തിട്ടും ജനം തള്ളിക്കളഞ്ഞു. വിരട്ടൽ കയ്യിൽ വച്ചാൽ മതി. ആർക്കും എന്തും ആകാമെന്ന് കരുതരുത്. ഏത് കൊലകൊന്പൻ ആയാലും നടപടിയെടുക്കും. പ്രവാചകനെതിരായ പരാമർശം എന്തും പറയാമെന്നതിന് തെളിവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർ‍ത്തു. നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ‘2021ൽ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങൾ ഞങ്ങളെ മനസിലാക്കി. നിങ്ങൾ 99 സീറ്റിൽ ഭരണം നടത്താൻ ജനങ്ങൾ ആവശ്യപ്പെട്ടു’. ഞങ്ങളത് ശിരസാ വഹിക്കുകയാണെന്നും− മുഖ്യമന്ത്രി കൂട്ടിച്ചേർ‍ത്തു.

വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ കോട്ടയത്ത് പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുന്പേ പൊതുജനത്തിന്‍റെ വാഹനങ്ങൾ തടഞ്ഞു. മണിക്കൂറുകളോളം വാഹനം തടഞ്ഞതോടെ വഴിയാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി.

You might also like

Most Viewed