ചവിട്ടുപടിയിൽ ചെളി പുരണ്ടതിന് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പൂയപ്പള്ളിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂയപ്പള്ളി ഒട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പൂയപ്പള്ളി മേലൂട്ട് വീട്ടിൽ ബിജുവിനെയാണ് (56) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ ഭാര്യ അന്നമ്മയാണ് (52) മരിച്ചത്. അന്നമ്മയെ ബിജു പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കഴിഞ്ഞ 10ന് വൈകിട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ കൊല്ലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിജു കുടുങ്ങിയത്,
ശരീരം മുഴുവൻ കത്തി ചികിത്സയിൽ കഴിയുമ്പോഴും, തിരുവനന്തപുരം വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് മുമ്പാകെ അന്നമ്മ നൽകിയത് കൈയബദ്ധം എന്ന മൊഴി ആയിരുന്നു. അന്നമ്മയുടേത് മരണമൊഴി ആയിരുന്നെങ്കിലും, ആശുപത്രിയിൽ പരിചരിക്കാനെത്തിയ സഹോദരിമാരോട് ബിജു തന്നെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ബന്ധുക്കൾ പരാതിപ്പെടാനുണ്ടായ കാരണം.