പരസ്യ പ്രചാരണത്തിന് സമാപനം; ഇനി നിശബ്ദ കരുനീക്കങ്ങളുടെ നിമിഷം


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന് വഴി മാറുമ്പോള്‍ തൃക്കാക്കര ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്കെത്തും. 

പാലാരിവട്ടം ജംഗ്ഷനില്‍ കൊട്ടിക്കലാശത്തിന് ഒത്തുകൂടിയ മുന്നണികള്‍ ഒന്ന് ഒന്നിനോട് മത്സരിക്കുന്നതു പോലെ കൊട്ടിക്കലാശം മാറ്റു കൂട്ടി. ആര്‍ത്തിരമ്പിയെത്തിയ അണികള്‍ക്ക് മുമ്പില്‍ ജെസിബിയില്‍ ഉയര്‍ന്ന് പൊങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ചും പാതകള്‍ വാനിലുയര്‍ത്തിയും സ്ഥാനാര്‍ത്ഥികളും അണികളെ ആവേശം കൊള്ളിച്ചു. അക്ഷരാര്‍ത്ഥത്തില്‍ മണല്‍തരിക്ക് പോലും വീഴാന്‍ ഇടമില്ലാതെ പാലാരിവട്ടം പ്രവര്‍ത്തകരെ കൊണ്ട് തിങ്ങി നിറഞ്ഞു. റോഡ് ഷോയും ബൈക്ക് റാലിയുമെല്ലാമായി അണികളെ സ്ഥാനാര്‍ത്ഥികള്‍ ആവേശം കൊള്ളിച്ചു.

നിരവധി പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ ബൈക്ക് റോഡ് ഷോയോട് കൂടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടത്തേക്ക് കൊട്ടിക്കലാശത്തിനെത്തിയത്. മുതിര്‍ന്ന നേതാക്കളും ഉമ തോമസിനൊപ്പം കൊട്ടിക്കലാശത്തിനെത്തിയത് ആവേശം വിതറി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണനാകട്ടെ പി.സി.ജോര്‍ജിനൊപ്പം നയിച്ച റോഡ് ഷോയ്ക്ക് ശേഷം കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പാലാരിവട്ടത്തെത്തി. തുടര്‍ന്ന് ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തി നേതാക്കളോട് സംസാരിച്ച ശേഷമാണ് കൊട്ടിക്കലാശം നടക്കുന്ന പാലാരിവട്ടം ജംഗ്ഷനിലേക്ക് എത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് മൂന്നു മണിയോടെ തന്നെ തന്റെ റോഡ് ഷോ അവസാനിപ്പിച്ചിരുന്നു. പിന്നീട് ചില വ്യക്തികളെ നേരില്‍ കണ്ട് വോട്ട് ചോദിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥി. തുടര്‍ന്ന് അഞ്ചു മണിയോടെ സ്ഥാനാര്‍ത്ഥി പാലാരിവട്ടം ജംഗ്ഷനിലേക്ക് എത്തി. ഇതിനിടയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും കാല്‍ നട റാലിയും രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് പാലാരിവട്ടത്ത് സമാപിച്ചു. പാലാരിവട്ടം ജംഗ്ഷനിലെ കൊട്ടിക്കലാശത്തിന് പുറമെ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി കേന്ദ്രങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിരുന്നു.

സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി മുന്നണികള്‍ക്ക് പ്രത്യേക പോയിന്റുകള്‍ നിശ്ചിയിച്ചെങ്കിലും ആവേശം ആ അതി വരമ്പുകള്‍ എല്ലാം ഭേദിച്ചു. ഇതോടെ ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് സമാപനം കുറിക്കുന്നത്. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്റേതാണെങ്കിലും അവസാനവട്ട രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും നാളത്തെ ദിനം സാക്ഷ്യം വഹിക്കും.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed