ലഡാക്കില്‍ മരിച്ച മലയാളി സൈനികന്‍ ഷൈജിലിന് വിടനല്‍കി ജന്മനാട്


ലഡാക്കില്‍വാഹനാപകടത്തില്‍ മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കി. അങ്ങാടി മുഹയദീന്‍ ജുമാഅത്ത് പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. വെള്ളിയാഴ്ച നടന്ന അപകടത്തിലാണ് ഷൈജല്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.

ഷൈജലിന്റെ മൃതദേഹം വഹിച്ച് ദില്ലിയില്‍ നിന്നുള്ള സൈനികസംഘം രാവിലെ 10.10നാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിലെത്തിയത്. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മൃതദേഹം ഏറ്റുവാങ്ങി. സര്‍ക്കാര്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ജവാന്‍മാര്‍, യര്‍പോര്‍ട്ട് ഡയറക്ടര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു .

തുടര്‍ന്ന് വിലാപ യാത്രയായി ഷൈജല്‍ പഠിച്ച തിരൂരങ്ങാടി യതീം ഖാനയിലും, പിന്നീട് സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്. മന്ത്രി വി അബ്ദുറഹ്മാന്‍ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ വീട്ടിലെത്തി സംസ്ഥാന സര്‍ക്കാരിന്റെ ആദരമര്‍പ്പിച്ചു. ശേഷം ടെറിട്ടോറിയല്‍ ആര്‍മിയുടെ മദ്രാസ് റെജിമെന്റും ഷൈജലിന് അന്ത്യാജ്ഞലിയര്‍പ്പിച്ചു.

പരപ്പനങ്ങാടി അങ്ങാടി മുഹയദീന്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് സംസ്‌കാരം നടന്നത്. സൈനിക സേവനം മതിയാക്കി അടുത്തവര്‍ഷം നാട്ടിലേക്ക് വരാനിരിക്കെയാണ് ഷൈജലിന്റെ അന്ത്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed