മുഖ്യമന്ത്രിയുടെ കൗണ്ട്ഡൗൺ തുടങ്ങിയതായി പി സി ജോർജ്ജ്


മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് പി.സി. ജോര്‍ജ്. തനിക്കെതിരായ നടപടി പിണറായിയുടെ രാഷ്ട്രീയകളിയാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. 

തനിക്കെതിരായ നടപടി പിണറായിയുടെ രഷ്ട്രീയകളിയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയപ്രേരിതമാണ്. പിണറായി സ്റ്റാലിനിസ്റ്റ് ആണെന്നും മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പി.സി. ജോർജ് പറഞ്ഞു.

അഭിമന്യു എന്ന വിദ്യാർഥിയെ കൊന്നവരുടെ തോളത്ത് കൈയിട്ട് നടക്കുന്ന പിണറായി ആണ് തന്നെ വർഗീയവാദി എന്ന് വിളിക്കുന്നതെന്നോർക്കുമ്പോൾ പരിഹാസം തോന്നുന്നു. താൻ ഒരു വർഗീയ പ്രസംഗവും നടത്തിയിട്ടില്ല. പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. പോലീസിനെ ഉപയോഗിച്ച് തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഎസിനൊപ്പം നിന്നതിന്‍റെ ശത്രുതയാണ് പിണറായിക്ക് തന്നോട്. താൻ എന്നും വിഎസിന്‍റെ ആളാണ്. സത്യങ്ങൾ പറഞ്ഞതാണ് ഇപ്പോൾ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് നിശബ്ദനാക്കാൻ പിണറായി ശ്രമിക്കുകയാണ്. 

ഇന്നലെ പോലീസ് നൽകിയത് നാല് നോട്ടീസാണ്. പിണറായിയെ വെല്ലു വിളിക്കുകയാണ്. താൻ മുങ്ങാൻ തീരുമാനിച്ചാൽ പിണറായിക്ക് പിടിക്കാൻ ആകില്ല. ഭിന്നിപ്പിച്ച് ഭരിക്കാൻ ആണ് മുഖ്യമന്ത്രിയുടെ ശ്രമം. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിന് അനുമതി നൽകിയ പിണറായി ആണ് തന്നെ വിമർശിക്കുന്നത്. 

തന്നെ അറസ്റ്റ് ചെയ്യാൻ പിണറായിക്ക് ഒപ്പം സതീശനും ചേർന്നു. ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശൻ. സതീശനെ കുറിച്ച് ഇനിയും ചിലത് പറയാനുണ്ട്. അക്കാര്യം സതീശന് അറിയാം.

കേരളത്തിൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് സിപിഎമ്മാണ്. തൃക്കാക്കരയിൽ ജാതി മതം നോക്കി ഇടത് നേതാക്കൾ വീട് കയറി പ്രചാരണം നടത്തുകയാണ്. കിഴക്കേക്കോട്ടയിലും വെണ്ണലയിലും പറഞ്ഞത് കുറഞ്ഞു പോയി. പറഞ്ഞത് തെറ്റായിപ്പോയി എന്ന തോന്നലില്ല. ഈ പറഞ്ഞതിന്‍റെ പേരിൽ ജാമ്യം റദ്ദാക്കിയാൽ ജയിലിൽ പോകും. വീട്ടിൽ കിടക്കുന്നതിനേക്കാൾ സുഖമാണ് ജയിലിൽ കിടക്കാൻ. ഇനി എൻഡിഎക്ക് ഒപ്പമാണെന്നും ജോ‍ർജ് വ്യക്തമാക്കി.

തൃക്കാക്കര എന്‍ഡിഎ ഓഫീസില്‍ വച്ചാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

You might also like

Most Viewed