തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 27 ദിവസം നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ഇന്നു തിരശ്ശീല വീഴും. വൈകിട്ട് ആറോടെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികളോടെയാകും മുന്നണികളുടെ കൊട്ടിക്കലാശം. പ്രചാരണാര്‍ഥം നിയോജകമണ്ഡലത്തില്‍ എത്തിയ രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പരസ്യ പ്രചാരണം അവസാനിച്ച ശേഷം മണ്ഡലത്തില്‍ തുടരാന്‍ പാടില്ല. പോലീസ്, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ അറിയിച്ചു. മണ്ഡലത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ മണ്ഡലാതിര്‍ത്തികളില്‍ പോലീസ് നിരീക്ഷിക്കും.
വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ തൃക്കാക്കര മണ്ഡലത്തില്‍ മദ്യനിരോധനം ഉണ്ടായിരിക്കും. വോട്ടെടുപ്പ് ദിനത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും.
എറണാകുളം മണ്ഡലത്തിനു പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ട്. ദിവസവേതനക്കാര്‍ക്കും ശമ്പളത്തോടെ അവധി നല്‍കേണ്ടതാണ്. 31ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 239 പ്രിസൈഡിംഗ് ഓഫീസര്‍മാരും 717 പോളിംഗ് ഓഫീസര്‍മാരും അടക്കം 956 ഉദ്യോഗസ്ഥരാണ് പോളിംഗ് ഡ്യൂട്ടിക്കായുള്ളത്. 188 ഉദ്യോഗസ്ഥരെ കരുതലായി നിയോഗിച്ചിട്ടുണ്ട്.
239 ബൂത്തുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ഹരിത പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാണ് ബൂത്തുകള്‍. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 239 പോളിംഗ് ബൂത്തുകളില്‍ 75 എണ്ണം ഓക്സിലറി ബൂത്തുകളാണ്. അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ്.