നിമിഷ പ്രിയയുടെ മോചനം; സുപ്രീം കോടതി റിട്ട. ജഡ്ജി കുര്യൻ ജോസഫ് നേതൃത്വം നൽകും

യെമനിൽ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ സുപ്രീം കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഏകോപിപ്പിക്കും. വധശിക്ഷയിൽ നിന്ന് നിമിഷയെ രക്ഷപ്പെടുത്താൻ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നടത്തുന്ന ശ്രമങ്ങൾക്ക് ആണ് കുര്യൻ ജോസഫ് നേതൃത്വം നൽകുക. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചർച്ച നടത്താനാണ് ആക്ഷൻ കൗൺസിലിന്റെ അടുത്ത തീരുമാനം.
നിമിഷയുടെ അമ്മ എട്ടുവയസുകാരിയായ മകളെയും കൂട്ടി യെമനിലേക്കു പോകാൻ അവർ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടി. അപേക്ഷ പരിഗണിച്ച് വിദേശകാര്യമന്ത്രാലയം കോണ്‍സൽ മുഖേന ജയിലധികൃതരുമായി ബന്ധപ്പെടുമെന്നാണു പ്രതീക്ഷ. 2017ലാണ് സഹപ്രവർത്തകനായ തലാലിനെ നിമിഷപ്രിയ കൊലപ്പെടുത്തിയെന്ന കേസ് ഉണ്ടായത്. നിമിഷപ്രിയയുടെ മോചനത്തിനായി സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.