വിനായകന്റെ പരാമർശത്തിന് ക്രൂശിക്കപ്പെടുന്നത് ഞാനെന്ന സ്ത്രീയാണെന്ന് നവ്യ നായർ
മീ ടൂ വിന് എതിരായ നടൻ വിനായകന്റെ വിവാദ പരാമർശത്തിൽ മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് സിനിമാ താരം നവ്യാ നായർ. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ക്രൂശിക്കപ്പെടുന്നത് താനെന്ന സ്ത്രീയാണെന്ന് നവ്യാ നായർ പറയുന്നു. ‘എത്ര പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു? പക്ഷേ നിങ്ങളെല്ലാം ചോദ്യം ചെയ്യുന്നത് എന്നെയാണ്’− നവ്യ പറഞ്ഞു.
‘തികച്ചും അപ്രതീക്ഷിതമായാണ് അങ്ങനൊരു കാര്യം സംഭവിച്ചത്. ഓരോ മനുഷ്യർക്കും ഓരോ രീതിയിലാണ് പ്രതികരണ ശേഷി. നിങ്ങൾ പറയുന്നത് പോലെ ഞാൻ പ്രതികരിക്കണം എന്നുവച്ചാൽ, അന്ന് എന്നെ കൊണ്ട് സാധിച്ചില്ല. അത്രയേ പറയാൻ പറ്റുന്നുള്ളൂ. അദ്ദേഹം ക്ഷമ ചോദിച്ചു. എനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു അത് കേട്ടപ്പോൾ. ഞാൻ പലതവണ മൈക്ക് വാങ്ങാനൊക്കെ ശ്രമിച്ചു. അന്നുണ്ടായ പ്രശ്‌നത്തിൽ ഞാൻ ക്ഷമ ചോദിച്ചാൽ മതിയെങ്കിൽ പൂർണ മനസോടെ ഞാൻ ക്ഷമ ചോദിക്കുന്നു’− നവ്യ പറയുന്നു.
താൻ ഇപ്പോൾ തൃപ്പൂണിത്തുറ തീയറ്ററിൽ എത്തിയിരിക്കുന്നത് ഒരുത്തീ കാണാനെത്തിയ സ്ത്രീകളെ കാണാനും അവരോട് സംസാരിക്കാനുമാണെന്ന് നവ്യാ നായർ അറിയിച്ചു പത്ത് വർഷം കഴിഞ്ഞതിന് ശേഷമാണ് ഞാൻ സിനിമയിലേക്ക് തിരികെയെത്തുന്നത്. ഈ സന്തോഷം അനുഭവിക്കാൻ നിങ്ങളെന്നെ അനുവദിക്കണമെന്നും നവ്യ പറയുന്നു.
ഒരു പതിറ്റാണ്ടിന് ശേഷം സിനിമയിലേക്ക് നവ്യാ നായർ തിരികെയെത്തിയ ചിത്രമായിരുന്നു ഒരുത്തീ. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമർശം. സദസിൽ അപ്പോൾ നവ്യയും സംവിധായകൻ വികെപിയും ഉണ്ടായിരുന്നു. വിനായകന്റെ പരാമർശം വിവാദമായതോടെ സിനിമാ പ്രവർത്തകരായ ദീദ ദാമോദരൻ, പാർവതി തിരിവോത്ത് എന്നിവർ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.