ഒമിക്രോണിന് ഡെൽ‍റ്റയെക്കാൾ‍ ആറിരട്ടി വ്യാപനശേഷി; മൂന്നാഴ്ച ഏറെനിർ‍ണായകമെന്ന് ആരോഗ്യമന്ത്രി


സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർ‍ജ്. ഒന്നും രണ്ടും തരംഗത്തിൽ‍ നിന്നും വിഭിന്നമായി കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിൽ‍ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തിൽ‍ വ്യാപനം 2.68 ആയിരുന്നപ്പോൾ‍ ഇപ്പോഴത്തേത്ത് 3.12 ആണ്. അതായത് ഡെൽ‍റ്റയെക്കാൾ‍ ആറിറട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിർ‍ണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെപ്പറ്റി മാധ്യമ പ്രവർ‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ഒന്നും രണ്ടും തരംഗങ്ങൾ‍ ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി ഈ തരംഗത്തേയും അതിജീവിക്കണം. ഒന്നും രണ്ടും തരംഗത്തിൽ‍ പരമാവധി പീക്ക് ഡിലേ ചെയ്യാനാണ് സംസ്ഥാനം ശ്രമിച്ചത്. ഡൈൽ‍റ്റ വൈറസിനേക്കാൾ‍ അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തിൽ‍ വ്യാപനം കൂട്ടുന്നത്. ഡെൽ‍റ്റാ വകഭേദത്തിനേക്കാൾ‍ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാന്‍ പാടില്ല. വളരെ വേഗം പടർ‍ന്ന് പിടിക്കുന്നതിനാൽ‍ ആശുപത്രികളിലും ഐസിയുവിലും വെന്റിലേറ്ററുകളിലുമെത്തുന്ന രോഗികൾ‍ കൂടാൻ സാധ്യതയുണ്ട്.

ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളുള്ളവർ‍ വീടുകളിൽ‍ തന്നെ കഴിയണം. ഒമിക്രോൺ ബാധിച്ചവരിൽ‍ ഭൂരിപക്ഷം പേരിലും മണവും രുചിയും നഷ്ടപ്പെടുന്നതായി കാണുന്നില്ല. കൊവിഡ് വ്യാപനം തടയുക എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. 

വ്യക്തിപരമായും സാമൂഹികവുമായുമുള്ള ഉത്തരവാദിത്വം എല്ലാവരും പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. എൻ‍ 95 മാസ്‌കോ, ഡബിൾ‍ മാസ്‌കോ ആണ് വേണ്ടത്. പരമാവധി പേർ‍ക്ക് വാക്സിന്‍ നൽ‍കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed