നിരോധിക്കേണ്ട ആവശ്യമില്ല; ‘ചുരുളി’ക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്

ചുരുളിയിൽ കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും പശ്ചാത്തലവുമാണെന്നും സിനിമ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് റിപ്പോർട്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിജിപി നിയോഗിച്ച മൂന്നംഗ സമിതിയാണ് സിനിമയ്ക്ക് ക്ലീൻചിറ്റ് നൽകിയത്. എഡിജിപി പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ. നസീം എന്നിവർ ചേർന്ന സമിതിയാണ് സിനിമ കണ്ട് വിലയിരുത്തി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
വരും ദിവസങ്ങളിൽ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. ചുരുളി സിനിമയിൽ സഭ്യമല്ലാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമ കാണാൻ പോലീസിനെ നിയോഗിച്ചത്. സിനിമ എന്ന കലാരൂപം സമൂഹത്തെ സ്വാധീനിക്കുന്നതാണെന്നും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന സംഭാഷണങ്ങൾ കുട്ടികളുടെയും സ്ത്രീകളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു ഹർജിയിലെ ആക്ഷേപം.