നടിയെ ആക്രമിച്ച കേസ്; മാധ്യമങ്ങൾ‍ മാർ‍ഗനിർ‍ദേശങ്ങൾ‍ ലംഘിച്ചോ എന്ന് ഡിജിപി പരിശോധിക്കണമെന്ന് കോടതി


നടിയെ ആക്രമിച്ച കേസിൽ‍ മാധ്യമങ്ങൾ‍ രഹസ്യ വിചാരണയുടെ മാർ‍ഗനിർ‍ദേശങ്ങൾ‍ ലംഘിച്ചോ എന്ന് പരിശോധിക്കാൻ ഡിജിപിക്ക് നിർ‍ദ്ദേശം നൽ‍കി ഹൈക്കോടതി. രഹസ്യ വിചാരണ എന്ന സെഷൻസ് കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാൽ‍ ഉചിതമായ നടപടിയെടുക്കാനും കോടതി നിർ‍ദ്ദേശം നൽ‍കി. അതേസമയം, ദിലീപിന്റെ ഹർ‍ജി രണ്ടാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.അതിനിടെ, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ‍ നടന്‍ ദിലീപിന്റെ മുൻകൂർ‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷൻ കൂടുതൽ‍ സമയം ആവശ്യപ്പെട്ടതിനെ തുടർ‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ദിലീപ് സഹോദരൻ അനൂപ്, സഹോദരി ഭർ‍ത്താവ് സൂരാജ്, വിഐപി എന്നിവർ‍ ഉൾ‍പ്പെടെ ആറ് പേരാണ് ഗൂഢാലോചന കേസിലെ പ്രതികൾ‍. 

അറസ്റ്റിൽ‍ നിന്നുള്ള സംരക്ഷണം വെള്ളിയാഴ്ച വരെ തുടരും. ആറ് പ്രതികളുടെ അറസ്റ്റിനുള്ള വിലക്കും വെള്ളിയാഴ്ച വരെ തുടരും. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഇന്നലെ ദിലീപിന്റെ സഹോദരി ഭർ‍ത്താവിന്റെ വീട്ടിലും, ശരത്ത് എന്ന സുഹൃത്തിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അനുബന്ധ തെളിവുകൾ‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോസിക്യൂഷൻ ഇപ്പോൾ‍ നടത്തിയിരിക്കുന്ന നീക്കമെന്നാണ് വിലയിരുത്തൽ‍. 

അതേസമയം, പുതിയ വെളിയപ്പെടുത്തലുകളിൽ‍ പൾ‍സർ‍ സുനിയുടെ മൊഴിയെടുക്കും. ഇതിനായി അനുമതി തേടി അന്വേഷണ സംഘം കോടതിയിൽ‍ അപേക്ഷ നൽ‍കി. പൾ‍സർ‍ സുനി അമ്മയ്ക്ക് നൽ‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ‍ പൾ‍സർ‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയും അന്വേഷണ സംഘം ശേഖരിക്കും.അതിനിടെ,നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ‍ തന്നെയാണെന്ന് അന്വേഷണസംഘം. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ‍ ഇയാൾ‍ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താൻ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ‍ ഉന്നയിച്ച വിഐപി ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ വീട്ടിൽ‍ റെയ്ഡ് നടത്തിയത്. 

 ഹോട്ടൽ‍, ട്രാവൽ‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇയാളെ ചോദ്യം ചെയ്യാൻ‍ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ശരതിന്റെ ഫോൺ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഇയാൾ‍ മുൻകൂർ‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed