ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് വിടേണ്ടി വന്നതിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് വിടേണ്ടി വന്നതിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അവുക്കാദർകുട്ടിനഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിനു സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ഉമ്മൻചാണ്ടി. 2001−ൽ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാൻ ഫിലിപ്പിനുണ്ടായി. അതോടെ തനിക്കും ചെറിയാനുമായി ഉള്ള സൗഹൃദം ഇല്ലാതായെന്ന് എല്ലാവരും വിചാരിച്ചത്. അദ്ദേഹത്തോട് വിദ്വേഷമില്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ചെറിയാൻ ജയിച്ചു വരാൻ പറ്റിയ ഒരു സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല. അതു തന്‍റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. ചെറിയാൻ ഫിലിപ്പിന്‍റെ അകൽച്ച ആത്മപരിശോധനക്കുള്ള അവസരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയും വേദിയിലുണ്ടായിരുന്നു.
സ്വതന്ത്രനിലപാടുകളെടുക്കുന്ന ഒരാൾക്ക് പാർട്ടിയുടെ ചട്ടക്കൂട്ടിൽ നിൽക്കാൻ ബുദ്ധിമുട്ട് വന്നേക്കാം. ആ സത്യം ചെറിയാന്‍റെ മുഖത്തു കാണാമെന്നും പന്ന്യൻ പറഞ്ഞു. പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും സമയത്ത് തന്നെ സഹായിച്ചത് ഉമ്മൻചാണ്ടിയാണെന്ന് മറുപടി പ്രസംഗത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. താനൊരു എടുത്തു ചാട്ടക്കാരനാണ്. എന്നാലിപ്പോൾ എടുത്തുചാട്ടക്കാരന്‍റെ എല്ലൊടിഞ്ഞ അവസ്ഥയിലാണ്. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടിയെന്നും ഉമ്മൻ ചാണ്ടിയുടെ രക്ഷാകർത്തൃത്വം ഇനിയും ഉണ്ടാകണമെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.