വിവാദ പരാമർശം; കെ. മുരളീധരനെതിരേ പരാതി നൽകി ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: അധിക്ഷേപ പരാമർശം നടത്തിയ കെ. മുരളീധരൻ എംപിക്കെതിരേ പരാതി നൽകി തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. മ്യൂസിയം പോലീസിലാണ് പരാതി നൽകിയത്. പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. നിയമോപദേശം ലഭിച്ചശേഷമായിരിക്കും എംപിക്കെതിരേ കേസെടുക്കുക. <br> <br> സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായിൽ നിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന പരാമർശമാണ് മുരളീധരൻ കഴിഞ്ഞ ദിവസം നടത്തിയത്. കോർപറേഷനിലെ നികുതിതട്ടിപ്പ് സംഭവത്തിൽ യുഡിഎഫ് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മുരളീധരന്‍റെ ഈ പരാമർശം. ഇങ്ങനെയുള്ള ഒരുപാടു പേരെ ഈ നഗരസഭ കണ്ടിട്ടുണ്ടെന്നും ആറ്റുകാൽ പൊങ്കാലയെ നോണ്‍ വെജിറ്റേറിയൻ പൊങ്കാലയാക്കിയ ഇന്ത്യയിലെ ഏക മേയർ എന്ന നേട്ടം ആര്യ രാജേന്ദ്രനാണെന്നും മുരളി പറഞ്ഞു. മേയറെ കുറിച്ച് കെ. മുരളീധരൻ നടത്തിയ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചു.