രവി പിള്ളയുടെ മകന്റെ വിവാഹം: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തൃശൂർ: പ്രവാസി വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹത്തിനായി ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ അലങ്കരിച്ചതിനെതിരേ ഹൈക്കോടതി. കോവിഡ് വ്യാപനം നിലനിൽക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലങ്കാര പണികൾക്ക് ദേവസ്വം അനുമതി നൽകിയതെന്നാണ് കോടതിയുടെ ചോദ്യം. നടപ്പന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തേ നീക്കിയിരുന്നു. എന്നാൽ പൂക്കൾ കൊണ്ടുള്ള അലങ്കാര പണികൾ മാറ്റിയിരുന്നില്ല. ഇതിലാണ് കോടതിയുടെ ഇടപെടൽ.
നടപ്പന്തലിലെ വിവാഹങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് ദേവസ്വമാണെന്നും കോടതി നിർദേശിച്ചു. ഇന്ന് രാവിലെയാണ് രവി പിള്ളയുടെ മകൻ ഗണേഷിന്‍റെയും അഞ്ജനയുടെയും വിവാഹം നടന്നത്. വിവാഹത്തിൽ ചലച്ചിത്ര താരം മോഹൻലാൽ കുടുംബസമേതം പങ്കെടുത്തു.