വീര്യം കൂട്ടാൻ തെങ്ങിൻ കള്ളിൽ കഞ്ചാവ്; 25 കള്ളുഷാപ്പുകൾക്കെതിരേ നടപടി
ഇടുക്കി: വീര്യം കൂട്ടാൻ തെങ്ങിൻ കള്ളിൽ കഞ്ചാവ് കലർത്തി വിറ്റ 25 കള്ളുഷാപ്പുകൾക്കെതിരേ നടപടിയുണ്ടാകും. തൊടുപുഴ റേഞ്ചിലെ ഷാപ്പുകളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരിശോധനാ ഫലം ബുധനാഴ്ചയാണ് ലഭിച്ചത്. തുടർന്നാണ് എക്സൈസ് നടപടികൾ തുടങ്ങിയത്. 25 ഷാപ്പുകളുടെ ലൈസൻസികൾക്കും മാനേജർമാർക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഷാപ്പുകൾ അടച്ചുപൂട്ടാനും നടപടിയുണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് 34 കേസുകളിലായി 67 പേർക്കെതിരേയാണ് നടപടി വരുന്നത്. പ്രത്യേക ദൗത്യത്തിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്ക് ശേഷം ഷാപ്പിൽ നിന്നും ശേഖരിച്ച കള്ളിന്‍റെ സാന്പിളുകൾ കാക്കനാട് സർക്കാർ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ ഫലം ലഭിച്ചപ്പോഴാണ് കഞ്ചാവിന്‍റെ അംശം കള്ളിലുണ്ടെന്ന് വ്യക്തമായത്.

