കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പു കേസിലെ ഒന്നാംപ്രതി പിടിയിൽ. ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ (58)ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധിവരുന്നതിനു മുന്പാണ് അറസ്‌റ്റ്. സുനിലിനെ അന്വേഷണസംഘം ഇന്ന് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
21 വർഷം ബാങ്കിന്റെ സെക്രട്ടറിയായിരുന്ന സുനിൽകുമാർ കേസ് രജിസ്‌റ്റർ ചെയ്‌ത പിന്നാലെ ഒളിവിലായിരുന്നു. പ്രതി പേരാമംഗലം പോലീസ് സ്‌റ്റേഷന്‍ അതിർത്തിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി: എസ്. ശ്രീജിത്തിന്റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് അറസ്‌റ്റ് നടന്നത്. ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികൾക്കായി ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ് (43), ഇടനിലക്കാരൻ കിരൺ(31), കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ് (47), ബാങ്ക് നടത്തുന്ന സൂപ്പർമാർക്കറ്റിന്റെ മുൻ അക്കൗണ്ടന്റ് റെജി അനിൽ (43) എന്നിവരാണ് പ്രതികൾ.
ഇവർക്കെതിരേ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. നാലാം പ്രതി കിരൺ രാജ്യംവിട്ടെന്നാണു സൂചന. ഇയാൾവഴി കോടികൾ വിദേശത്തേക്കു കടത്തിയെന്ന സൂചനയിൽ ഇ.ഡി. അന്വേഷണവും നടക്കുന്നുണ്ട്.
200 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക നിഗമനം. 50 കോടിയിലധികം രൂപ വിദേശത്തേക്കു കടത്തിയെന്നാണ് സൂചന. 200 കോടി രൂപയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി.
പോലീസിൽ നിന്നും ലഭിച്ച രേഖകളും എൻഫോഴ്‌സ്‌മെന്റ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേസ്. പ്രതികളായ എം.കെ. ബിജു, ജിൽസ്, റെജി അനിൽ എന്നിവരുടെ മുന്‍കൂർ ജാമ്യഹർജി തൃശൂർ ജില്ലാകോടതി ഇന്നു പരിഗണിക്കും.

