കോവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിക്കാൻ അനുവദിച്ചില്ല; അത്തോളിയിൽ പ്രതിഷേധം
കോഴിക്കോട്: അത്തോളിയിൽ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം. വർഷങ്ങളായി താമസിച്ചുവരുന്ന പുരയിടത്തിൽ മൃതദേഹം സംസ്കരിക്കാൻ പഞ്ചായത്ത് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം. ഡിഎംഒ സ്ഥലത്തെത്തി മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയതോടെ മരിച്ചയാളുടെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ച ഉള്ളിയേരി സ്വദേശി പറായിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. പറായി താമസിച്ചുവരുന്ന സ്ഥലത്തിന് മറ്റൊരു സ്വകാര്യവക്തി അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ഭൂമിയായതിനാൽ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകില്ലെന്നായിരുന്നു പഞ്ചായത്ത് നിലപാട്.
മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് സമീപത്തെ കെട്ടിട്ടത്തിനു മുകളിൽ കയറി മകൻ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും പോലിസും ഫയർഫോഴ്സും ഇടപെട്ട് താഴെ ഇറക്കി. പ്രശ്ന പരിഹാരത്തിനായി കൊയിലാണ്ടി തഹസിൽദാരുടേയും പേരാന്പ്ര ഡിവൈഎസ്പിയുടേയും നേതൃത്വത്തിൽ ചർച്ച നടത്തി. ഇതിനെ തുടർന്നാണ് കോവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നടത്താൻ അധികൃതർ അനുമതി നൽകിയത്.

