ബഹ്റൈനിൽ നഴ്സായിരുന്ന ശാരിമോളുടെ ആത്മഹത്യയും സ്ത്രീധന പീഡനത്തെ തുടർന്ന്
തിരുവല്ല: മേപ്രാലിൽ യുവതി ജീവനൊടുക്കാൻ കാരണം പണം ആവശ്യപ്പെട്ടു ഭർത്താവും വീട്ടുകാരും നടത്തിയ മാനസിക പീഡനമാണെന്നു കുടുംബത്തിന്‍റെ ആരോപണം. ഭർത്താവിന്‍റെ വീട്ടുകാർ യുവതിയുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കിയതിനു പിന്നാലെയാണു യുവതി വിഷക്കായ കഴിച്ചത്. തിരുവല്ല മേപ്രാൽ സ്വദേശി സി.എസ്.ശാരിമോളുടെ ദാന്പത്യത്തിന്റെ ആയുസ്സ് ഒരു വർഷവും നാലുമാസവും മാത്രമായിരുന്നു.
ശാരിമോളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് മാനസികമായി സമ്മർദ്‍ദത്തിലാക്കിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ബഹ്റൈൻ ഡിഫൻസ് ആശുപത്രിയിൽ നഴ്സായിരുന്നു 30 വയസ്സുകാരിയായ ശാരിമോൾ. 2019 നവംബർ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോൾ ബഹ്റൈനിലേക്ക് ജോലിക്കായി പോയി. 2021 മാർച്ച് 30ന് ഭർത്താവിന്‍റെ വീട്ടുകാർ ശാരിമോളുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കിയതായി പരാതിയുണ്ട്.
വീടിനകത്തെ സാധനങ്ങൾ തകർക്കുകയും സഹോദരനെയും പിതാവിനെയും മർദ്‍ദിക്കുകയും ചെയ്തതായും ആരോപണമുണ്ട്. സംഘർഷത്തിനു പിന്നാലെയാണു ശാരിമോൾ ഒതളങ്ങ കഴിച്ചത്. ചികിത്സയിലിരിക്കെ 31ന് മരിച്ചു. ഭർത്താവിന്‍റെ കുടുംബത്തിന്‍റെ കടബാധ്യതകൾ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവർ ആരോപിക്കുന്നു. സ്വർണം പണയം വച്ച് പണം എടുക്കാൻ ശാരിമോൾ തയാറായിട്ടും ഭർത്താവും വീട്ടുകാരും സമ്മതിച്ചില്ലത്രെ. കടംവാങ്ങിയാണു വിവാഹം നടത്തിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകി. അന്വേഷണം തുടരുന്നതായും ഭർത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ അറിയിച്ചു.

