രക്തദാനത്തിന് കേരള പോലീസിന്റെ ഡിജിറ്റൽ സേന


 

തിരുവനന്തപുരം; അടിയന്തരഘട്ടങ്ങളിൽ രക്തം നൽകാൻ കാൽ ലക്ഷം സന്നദ്ധ സേവകരുടെ ഡിജിറ്റൽ സേനയുമായി കേരള പൊലീസ്. പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ പൊൽ–ആപ് (POL-APP) വഴി അഭ്യർഥിച്ചാൽ നിമിഷങ്ങൾക്കകം പൊലീസിന്റെ പൊൽ–ബ്ലഡ് കൺട്രോൾ റൂമിൽനിന്നു ബന്ധപ്പെട്ടു രക്തം നൽകാനുള്ള സന്നദ്ധസേവകരെ ലഭ്യമാക്കും.

ഏപ്രിലിൽ തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 25,000 പേർ രക്തദാനത്തിനു സന്നദ്ധരായി റജിസ്റ്റർ ചെയ്തു. രാജ്യത്ത് ആദ്യമായാണ് പൊലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈൽ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
രക്തദാതാവിനെയും സ്വീകർത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് പൊൽ-ആപ് പ്രവർത്തിക്കുന്നത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണു സംവിധാനം. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് പൊൽ-ആപ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം. രക്തം ആവശ്യമുളളവർ ബ്ലഡ് ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ്ബാങ്ക്, തീയതി എന്നീ വിവരങ്ങൾ നൽകി പൊൽ-ബ്ലഡിൽ റജിസ്റ്റർ ചെയ്യണം.
കോവിഡിനെത്തുടർന്നു രക്തദാന ക്യാംപുകൾ നിലച്ചതോടെ ആശുപത്രികളിലെ രക്തപ്രതിസന്ധി തുടരുന്നു. കോവിഡ് കുറയുന്നതോടെ മാറ്റിവച്ച ശസ്ത്രക്രിയകൾ കൂട്ടത്തോടെ നടക്കുമ്പോൾ രക്തക്ഷാമം രൂക്ഷമാകുമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡ് വാക്സീൻ എടുത്തവർക്ക് 14 ദിവസത്തിനു ശേഷം രക്തം നൽകാം. കോവിഡ് ബാധിച്ചവർ നെഗറ്റീവ് ആയി 28 ദിവസത്തിനു ശേഷവും രക്തദാനം ചെയ്യാമെന്നാണു സർക്കാരിന്റെ മാർഗനിർദേശം.

You might also like

Most Viewed