മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ജനാർദ്ദനൻ പാർട്ടിയ്ക്കായി വീടും സ്ഥലവും നൽകും

കണ്ണൂർ: പാർട്ടിക്കായി സ്വന്തം വീടും സ്ഥലവും ദാനം ചെയ്യാന്‍ തീരുമാനിച്ചെന്നു മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ. പേരുപോലും പുറത്ത് അറിയിക്കാതെയായിരുന്നു വാക്സീൻ ചലഞ്ചിനായി ജനാർദ്ദനൻ പണം നൽകിയത്.
തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 2,00850 രൂപയിൽ 850 രൂപ മാത്രം ബാക്കിവെച്ചു മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകിയിരുന്നു. കൊവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായായിരുന്നു തുക നൽകിയത്. 35 വർഷത്തോളം ദിനേശ് ബീഡിയിൽ ജോലി ചെയ്തയാളാണു ജനാർദ്ദനൻ. അധ്വാനിച്ചുണ്ടാക്കിയ പണമാണ് യാതൊരു മടിയുമില്ലാതെ അദ്ദേഹം സംഭാവന നൽകിയത്. വാക്സീൻ സൗജന്യമായി നൽകുമെന്ന് വാക്കുനൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാർദ്ദനൻ പറഞ്ഞത്. രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു ജനാർദ്ദനനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചിരുന്നു.
ഇപ്പോൾ വീടും സ്ഥലവും നൽകുമെന്നാണ് ടെലിവിഷൻ മാധ്യമത്തിലൂടെ ജനാർദ്ദനൻ ചേട്ടൻ അറിയിച്ചത് .’20 ലക്ഷം രൂപ മക്കൾക്കു നൽകണം, ബാക്കി തുക മുഴുവൻ ജനോപകാരമായ കാര്യങ്ങൾക്കു വേണ്ടി പാർട്ടിക്ക് ഉപയോഗിക്കാം,’ജനാർദ്ദനൻ പറഞ്ഞു.