ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താൻ 10 കോടി: വിദ്യാർത്ഥികൾക്ക് 2ലക്ഷം ലാപ്‌ടോപ്പുകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ 10 കോടി വകയിരുത്തി. വിദ്യാർത്ഥികൾക്ക് 2 ലക്ഷം ലാപ്‌ടോപ്പുകൾ ലഭ്യമാകുന്ന പരിപാടി സമയ ബന്ധിതമായി നടപ്പിലാക്കും. മാറുന്ന വിദ്യാഭ്യാസരീതിയെ നേരിടാൻ നയം മാറ്റും. ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങളെ ഏകോപിച്ച് തൊഴിൽ ലഭ്യമാക്കുമെന്നും ബാലഗോപാൽ പറഞ്ഞു.
പൊതു ഓൺലൈൻ പഠന സംവിധാനം നടപ്പിലാക്കും. വിദ്യാർത്ഥികൾക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപവത്കരിക്കും. അദ്ധ്യാപകർ തന്നെ ക്ലാസ് എടുക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികൾ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന നടപടി സ്വീകരിക്കും.
കുട്ടികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ്ങിന് സംവിധാനം ഉണ്ടാക്കും. കൊറോണ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ്ങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് 10 കോടി നീക്കിവെച്ചതായും അദ്ദേഹം പറഞ്ഞു.