ഗുരുതര രോഗങ്ങളുള്ള 18–44 പ്രായക്കാർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ


തിരുവനന്തപുരം: ഗുരുതര രോഗങ്ങളുള്ള 1844 പ്രായക്കാർക്കു കൊറോണ വാക്‌സിനേഷൻ ഇന്നു തുടങ്ങും. ഇന്നലെ വരെ 38,982 പേർ വാക്‌സിനായി രജിസ്റ്റർ ചെയ്തു. ഇതിൽ 985 അപേക്ഷകൾ അംഗീകരിച്ചു. 16,864 എണ്ണം നിരസിച്ചു. അപേക്ഷയ്‌ക്കൊപ്പമുള്ള ഡോക്ടറുടെ സാക്ഷ്യപത്രം (കോ മോർബിഡിറ്റി സർട്ടിഫിക്കറ്റ്) പരിശോധിച്ചാണ് അനുമതി നൽകുക.

ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസ തേടുന്നവർ, വൃക്ക−കരൾ രോഗികൾ, അവയവ മാറ്റം നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ, അർബുദ ബാധിതർ, എച്ച്. ഐ.വി ബാധിതർ, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങി 20 രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യ പരിഗണന. രോഗവുമായി ബന്ധപ്പെട്ട മറ്റു രേഖകളും സമർപ്പിക്കാമെങ്കിലും സാക്ഷ്യപത്രം നിർബന്ധമാണ്. രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സീന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിക്കും.

വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുന്പോൾ എസ്എംഎസ്, തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കണം. ഇവർക്കായി കുത്തിവയ്പ് കേന്ദ്രങ്ങളിൽ പ്രത്യേക കൗണ്ടർ സജ്ജമാക്കും. രണ്ടാം ഡോസിനു വേണ്ടിയും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷകൾ നിരസിച്ചവർക്കു വീണ്ടും രേഖകൾ സഹിതം അപേക്ഷിക്കാം.

You might also like

  • Straight Forward

Most Viewed