നിരക്ക് കുറച്ചതിൽ പ്രതിഷേധം: വൻകിട സ്വകാര്യ ലാബുകൾ ആർടിപിസിആർ ടെസ്റ്റ് ചെയ്യുന്നതു നിർത്തിവച്ചു


കോഴിക്കോട്: ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് വൻകിട സ്വകാര്യ ലാബുകൾ ആർടിപിസിആർ ടെസ്റ്റ് ചെയ്യുന്നതു നിർത്തിവച്ചു. നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകളുടെ കൂട്ടായ്മ ഹൈക്കോടതിയെ സമീപിക്കുമെന്നും കോടതി നിർദേശം വരുന്നതു വരെ ആർടിപിസിആർ ടെസ്റ്റ് നിർത്തി വയ്ക്കുകയാണെന്നുമാണു ലാബുകളിൽ വിളിക്കുന്നവർക്കു ലഭിക്കുന്ന മറുപടി. 5ാം തീയതി വരെ പരിശോധന നടത്തില്ലെന്നാണു പറയുന്നത്. ആന്റിജൻ, ട്രൂനാറ്റ് പരിശോധനകൾ നടത്തുന്നുണ്ട്. വൻകിട ലബോറട്ടറികൾ ചേർന്നുള്ള കൺസോർഷ്യമാണു മുൻപു കോടതിയെ സമീപിച്ച് 1500 രൂപയിൽനിന്നു നിരക്ക് 1700 രൂപയാക്കി വർദ്ധിപ്പിച്ചത്. എന്നാൽ പരിശോധന രംഗത്തുള്ള മറ്റു രണ്ടു സംഘടനകൾ സർക്കാർ നിരക്കിൽ ആർടിപിസിആർ ചെയ്തു നൽകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുതര സാഹചര്യം കണക്കിലെടുത്ത് 500 രൂപ നിരക്കിൽ ചെയ്യാനും തുടർന്ന് സ്ഥിതി ശാന്തമാകുന്പോൾ ഡൽഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ പോലെ 800 രൂപയാക്കി നിജപ്പെടുത്തണമെന്നുമാണ് നിലപാടെന്ന് കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നിക്കൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി കിഷോർ പറഞ്ഞു. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷനും കോടതിയെ സമീപിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed