ഔദ്യോഗികമായി അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല; സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: കേരളത്തിലെ പിൻവാതിൽ നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന സമരം തുടരുന്നു. ചർച്ചക്ക് തയ്യാറെന്ന് മന്ത്രി ഇ.പി.ജയരാജൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതല്ലാതെ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗികമായി അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ തന്നെ സമരം ശക്തമായി തന്നെ തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. വരും ദിവസങ്ങളിൽ യുവജനപ്രസ്ഥാനങ്ങളും സമരം ശക്തമാക്കാനാണ് നീക്കം.
ലാസ്റ്റ് ഗ്രേഡ് സെർവെന്റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പുറമേ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്‌സും ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കളും വേതനം ലഭിക്കാത്ത അദ്ധ്യാപകരും സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം ആരംഭിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. കെ.എസ്.ആർ.ടി.സിയെ മെക്കാനിക് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിലുള്ളവരും കഴിഞ്ഞ ബുധനാഴ്ച്ച മുതൽ പ്രതിഷേധത്തിലാണ്.
ഉദ്യോഗാർത്ഥികളുമായുള്ള ചർച്ച സംബന്ധിച്ച് ഇ.പി.ജയരാജനോ സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളോ ഇതുവരെ അനങ്ങിയിട്ടില്ല. അതിനാൽ തന്നെ വർധിത വീര്യത്തോടെ സമരം തുടരാൻ തന്നെയാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.



