ഫർണസ് ഓയിൽ ചോർച്ച: അന്വേഷണത്തിന് മൂന്നംഗ സമിതി


തിരുവനന്തപുരം: ടൈറ്റാനിയം കന്പനിയിലെ ഫർണസ് ഓയിൽ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎംഎംഎൽ എംഡി എസ്. ചന്ദ്രബോസ്, മലബാർ സിമന്‍റ്സ് എംഡി എം.മുഹമ്മദാലി എന്നിവരാണ് സമിതിയിൽ. സംഭവത്തിൽ മലനീകരണ നിയന്ത്രണ ബോർഡ് അന്വേഷണം നടത്തുമെന്ന് നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് ഫർണസ് ഓയിൽ ചോർച്ചയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ചാണ് സർക്കാർ ഉന്നത ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. 

ബുധനാഴ്ച പുലർച്ചെയാണ് ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് പൈപ്പ് തകർന്ന് ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയത്. സംഭവം പ്രദേശത്ത് പരിഭ്രാന്തി പടർത്തിയതോടെ ബീച്ചിൽ ജനങ്ങൾ ഇറങ്ങുന്നത് ജില്ലാ ഭരണകൂടം വിലക്കി. വെട്ടുകാട് മുതൽ വേളി വരെ രണ്ടുകിലോമീറ്ററോളം ദൂരത്തിൽ കടലിൽ എണ്ണ പരന്നു. മത്സ്യത്തൊഴിലാളികളാണു കടലിലേക്ക് എണ്ണ ഒഴുകിയെത്തുന്നത് കണ്ടതും ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചത്.  ഗ്ലാസ് പൗഡർ നിർമാണത്തിനായി ഉപയോഗിക്കുന്ന എണ്ണയാണ് ഫർണസ് ഓയിൽ. തീരത്തടിഞ്ഞ എണ്ണ നീക്കാൻ ശ്രമം നടക്കുന്നുണ്ട്.

You might also like

Most Viewed