കോടിയേരി ബാലകൃഷ്ണൻ വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുന്നു

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കു ശേഷം സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുകയാണ്. മയക്കുമരുന്നു കേസിൽ ഉൾപ്പെട്ട് മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയാണ് ചികിത്സാർത്ഥം അദ്ദേഹം അവധിയിൽ പോയത്. പിന്നാലെ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല സിപിഎം നൽകുകയായിരുന്നു.
ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ തെറ്റുകാരനെങ്കിൽ മകൻ ശിക്ഷിക്കപ്പെടട്ടെ എന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നീട് അദ്ദേഹം പൊതുമണ്ഡലത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നടക്കുന്ന സിപിഎം−സിപിഐ ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്താണ് കോടിയേരി വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിനീഷ് നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.