വൃദ്ധയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം; മകന്റെ ഭാര്യ അറസ്റ്റിൽ
കണ്ണൂർ: കരിക്കോട്ടക്കരിയിൽ എണ്‍പത്തി രണ്ട് വയസ്സുള്ള വൃദ്ധയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകന്റെ ഭാര്യ അറസ്റ്റിൽ. പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് മകന്റെ ഭാര്യ എൽസി അറസ്റ്റിലായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് മറിയ കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ ഭാര്യ എൽസി മാത്രമാണ് ആ സമയം വീട്ടിൽ ഉണ്ടായിരുന്നത്.
കാൽ വഴുതി വീണപ്പോൾ തല പടിക്കെട്ടിൽ ഇടിച്ചതാണ് മരണകാരണം എന്നായിരുന്നു എൽസി മറ്റുള്ളവരോട് പറഞ്ഞത്. എന്നാൽ നെറ്റിയിലെ ആഴത്തിലുള്ള മുറിവുകളും വലത് കൈ ഒടിഞ്ഞതും കൊലപാതകം എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു.
വീഴ്ചയിലുള്ള മുറിവല്ല അപകട കാരണം എന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടും നിർണായകമായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് എൽസി കുറ്റം സമ്മതിച്ചത്. വീടിന്റെ പടിക്കെട്ടിൽ പല വട്ടം തല ശക്തമായി ഇടിപ്പിച്ചാണ് കൊല നടത്തിയതെന്നും എൽസി പോലീസിനോട് വെളിപ്പെടുത്തി.
കുടുംബ പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നും എൽസി മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

