സുധാകരനെതിരായ പ്രതികരണത്തിൽ ക്ഷമാപണം നടത്തി ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് എം.പി കെ സുധാകരൻ ഉന്നയിച്ച വിവാദ പരാമർശത്തിനെതിരായ പ്രതികരണത്തിൽ ക്ഷമാപണം നടത്തി ഷാനിമോൾ ഉസ്മാൻ. വിവാദ പരാമർശം കോൺഗ്രസിൽ തന്നെ കലാപമായി മാറിയതോടെയാണ് സുധാകരനുണ്ടായ വിഷമത്തിൽ ഷാനിമോൾ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. നേരത്തെ സുധാകരന്റെ പരാമർശത്തെ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ സുധാകരൻ മാപ്പ് പറയണമെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചിരുന്നു.
പിന്നാലെ ഷാനിമോൾക്കെതിരെ ആഞ്ഞടിച്ച് സുധാകരനും രംഗത്തെത്തി. ഷാനിമോൾ ഉസ്‌മാന് എന്താണ് ഇതിൽ ഇത്ര വിഷമമെന്നും കോൺഗ്രസ് നേതാക്കൾക്ക് എതിരെ പ്രസ്താവന വന്നപ്പോൾ ഉണ്ടാകാതിരുന്ന രോഷം പിണറായിയെ കുറിച്ച് പറയുന്പോൾ വന്നതിൽ സംശയിക്കുന്നുവെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഇക്കാര്യം പരിശോധിക്കുന്നതിന് കെപിസിസി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് തന്റെ പ്രതികരണത്തിൽ ക്ഷമാപണം നടത്തിയും പ്രതികരണവുമായി പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയും ഷാനിമോൾ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

