കണ്ണൂരിലെ സ്ഥാനാർത്ഥി നിർണ്ണയം; കെപിസിസിക്കെതിരെ കെ. സുധാകരൻ


കണ്ണൂർ: കോൺഗ്രസ് എംപിമാരുടെ വിയോജിപ്പ് വടക്കൻ കേരളത്തിൽ കെപിസിസിക്ക് തലവേദനയാകുന്നു. കെ. മുരളീധരന് പിന്നാലെ കെപിസിസി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി കെ സുധാകരൻ എംപിയും രംഗത്തെത്തി. ഡിസിസിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം അംഗീകരിക്കില്ലെന്ന് സുധാകരൻ പ്രതികരിച്ചു.

വ്യക്തി താത്പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് ദുഖകരമാണ്. മൂന്ന് കെപിസിസി സ്ഥാനാർത്ഥികൾക്കും കൈപ്പത്തി ചിഹ്നം നൽകില്ല. ഡിസിസി നേരത്തെ പ്രഖ്യാപിച്ചവർ തന്നെ പാർട്ടി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നും ഡിസിസി സ്ഥാനാർത്ഥികളാണ് പാർട്ടി സ്ഥാനാർത്ഥികളെന്നും കെ. സുധാകരൻ തുറന്നടിച്ചു.
കണ്ണൂർ ഇരിക്കൂർ ബ്ലോക്കിലെ ഒരു ഡിവിഷൻ, തലശ്ശേരിയിലെ തിരുവങ്ങാട് വാർഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിലാണ് തർക്കം നിലനിൽക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിനിടെ ഇവിടെ ഗ്രൂപ്പ് തർക്കമുണ്ടാകുകയും ചർച്ചയ്ക്കൊടുവിൽ മൂന്ന് പേർക്ക് കൈപ്പത്തി ചിഹ്നം നൽകുവാനും ഡിസിസി തീരുമാനമെടുത്തു. എന്നാൽ മറുവിഭാഗം കെപിസിസിക്ക് നേരിട്ട് പരാതി നൽകി. ഇത് പരിഗണിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യാതൊരു ചർച്ചയും കൂടാതെ പരാതിക്കാരെ സ്ഥാനാർഥികളാക്കി പ്രഖ്യാപിക്കുകയുമായിരുന്നു. കെപിസിസി അധ്യക്ഷന്റെ ഈ നിലപാട് കണ്ണൂർ ഡിസിസി അംഗീകരിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed