അമേരിക്കയിൽ നിന്ന് 2290 കോടിയുടെ ആയുധങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി : ചൈനയുമായും പാകിസ്ഥാനുമായും അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കെ ഇന്ത്യ അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നു. അമേരിക്കയിൽ നിന്ന് 72,000ത്തിലധികം അസോൾട്ട് റൈഫിളുകളടക്കം 2290 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തലവനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അമേരിക്കൻ കന്പനിയായ സിഗ് സോറിൽ നിന്ന് തോക്കുകൾ വാങ്ങാൻ 780 കോടി രൂപ അനുവദിച്ചു.
നിലവിൽ 13 ലക്ഷം സൈനികർക്ക് 72,400 സിഗ് സോർ തോക്കുകളാണ് സൈന്യത്തിന്‍റെ പക്കലുള്ളത്. ഫാസ്റ്റ് ട്രാക്ക് പ്രൊക്വർമെന്‍റിൽ ഉൾപ്പെടുത്തി 647 കോടി രൂപയുടെ കരാർ കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പിട്ടിരുന്നു. 500 മീറ്റർ അകലെ നിന്ന് ശത്രുവിനെ വെടിവെച്ച് വീഴ്ത്താമെന്നതാണ് അമേരിക്കൻ തോക്കിന്‍റെ പ്രത്യേകത. സ്മാർട്ട് ആന്‍റ് എയർഫീൽഡ് ആയുധങ്ങൾക്കായി 970 കോടിയും എച്ച് എഫ് ട്രാൻസ് റിസീവർ സെറ്റുകൾക്ക് 540 കോടിയുമാണ് തിങ്കളാഴ്ച അനുമതി നൽകിയത്. റഷ്യൻ എകെ−203 തോക്കുകൾ രാജ്യത്ത് നിർമ്മിക്കുന്ന പദ്ധതി വൈകുന്നതിനാലാണ് സൈന്യം വിദേശ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത്.
കഴിഞ്ഞ മാർച്ചിൽ 880 കോടി രൂപക്ക് ഇസ്രായേലിൽ നിന്ന് 16479 ലൈറ്റ് മെഷീൻ തോക്കുകൾ വാങ്ങിയിരുന്നു. അതേസമയം ഇത്രയും തോക്കുകൾ വാങ്ങുമെങ്കിലും സൈന്യത്തിന്‍റെ ആവശ്യത്തിന് മതിയാകില്ലെന്നാണ് വിലയിരുത്തൽ.
