മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു
പാലക്കാട്: മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
വിവിധ സാഹിത്യ ശാഖകളിൽ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നൽകിയ നിസ്തുല സംഭാവനകൾ മാനിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശിൽപവുമടങ്ങുന്നതാണ് ജ്ഞാനപീഠം. 93-ാം വയസിലാണ് കവിക്ക് പുരസ്‌കാര ലബ്ധി. പാലക്കാട് കുമരനല്ലൂർ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള കവിയാണ്.
