സ്വർണക്കള്ളക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി, 8 പേർക്ക് സ്ഥലം മാറ്റം
കൊച്ചി: സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനിൽക്കേ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിൽ അഴിച്ചുപണി. കേസന്വേഷിക്കുന്ന പ്രിവൻ്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇൻസ്പെക്ടർമാരെയുമാണ് കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിശദീകരണം. പ്രിവൻ്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായി സൂചന. സ്ഥലം മാറ്റപ്പെട്ടവർക്ക് പകരമായി എട്ട് ഉദ്യാഗസ്ഥരെത്തന്നെ പ്രിവൻ്റീവിലേക്ക് നിയമിച്ചിട്ടുണ്ട്.
കൊച്ചി കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചന. ഈ നീക്കത്തിൽ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിർപ്പറിയിച്ചു.


