സച്ചിക്ക് ഹൃദയാഘാതമുണ്ടായത് ശസ്ത്രക്രിയക്കിടെയല്ല: പ്രചരണം തെറ്റെന്ന് ഡോക്ടർ
തൃശൂർ: ഇന്നലെ അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന് ശസ്ത്രക്രിയക്കിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.പ്രേംകുമാർ. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാർ പ്രതികരിച്ചു.
രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. വലത്തെ സൈഡിലെ ഹിപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ മെയ് ഒന്നിനായിരുന്നു. മെയ് നാലിന് ഡിസ്ചാർജായി അദ്ദേഹം വീട്ടിലേക്ക് പോയി. രണ്ടാമത്തെ ശസ്ത്രക്രിയക്കായി ജൂൺ 15 നാണ് ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയത്. ശസ്ത്രക്രിയ 6.30 തിന് പൂർത്തിയാക്കി. അതിന് ശേഷം ഭാര്യ ഐസിയുവിൽ കയറി അദ്ദേഹവുമായി സംസാരിച്ചിരുന്നു.
സ്പൈനൽ അനസ്തേഷ്യയിലാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്താണ് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചത്. ശസ്ത്രക്രിയക്കിടയിൽ അദ്ദേഹം എന്നോടും സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാർട്ട് നിലച്ച് പോയത്. ഞങ്ങൾ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി”. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു സംവിധായകൻ സച്ചിയുടെ അന്ത്യം. ഹൈക്കോടതി അഭിഭാഷകൻ കൂടിയായിരുന്ന സച്ചിയുടെ മൃതദേഹം രാവിലെ കൊച്ചിയിൽ പൊതുദർശനത്തിന് വച്ചു. സംസ്കാരം വൈകീട്ട് രവിപുരം ശ്മശാനത്തിൽ നടക്കും.

