എറണാകുളം മെഡിക്കൽ കോളേജിലെ മൂന്ന് കൊവിഡ് രോഗികൾ ഗുരുതരാവസ്ഥയിൽ
കൊച്ചി: കൊവിഡുമായി ബന്ധപ്പെട്ട് എറാണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ഉള്ളത് മൂന്ന് രോഗികൾ. തൃശൂർ, എറണാകുളം, കൊല്ലം സ്വദേശികളാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്.
മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന 80 വയസ്സുള്ള തൃശൂർ സ്വദേശിനി ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘകാലമായി വൃക്ക രോഗത്തിനും ചികിത്സയിലാണ്.
കുവൈറ്റിൽ നിന്ന് 12ാം തീയതി കൊച്ചിയിൽ എത്തിയ 53 വയസ്സുള്ള കൊല്ലം സ്വദേശിയെ കൊവിഡ് ന്യൂമോണിയ മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീർഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.
അരുണാചൽ പ്രദേശിൽ നിന്ന് കൊച്ചിയിലെത്തിയ 32 വയസ്സുള്ള എറണാകുളം സ്വദേശിയെ ശ്വാസതടസം കൂടിയതിനെത്തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൊവിഡ് ഫലം പോസിറ്റീവാണ്. ദീർഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്. സർക്കാർ മെഡിക്കൽ കോളേജ് എറണാകുളം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

